സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി മാര്‍ച്ച്: ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത തന്നെ കേസുകളില്‍ പെടുത്തി വേട്ടയാടുന്നുവെന്ന് ശ്രീധരന്‍പിള്ള

single-img
26 November 2018

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ബിജെപി മാര്‍ച്ച്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് പോലീസ് ക്ലിഫ് ഹൗസിനു മുന്നില്‍ ബാരികേഡ് ഉപയോഗിച്ചു തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍നിന്നു പ്രതിഷേധിച്ചു. സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കേസില്‍ അദ്ദേഹം നിരപരാധിയാണെന്ന് പി.എസ്. ശ്രീധരന്‍പിള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ പോക്ക് അപകടത്തിലേക്കാണ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതോടെ മുഖ്യമന്ത്രിയോട് പറയാനുള്ളത് വിനാശകാലേ വിപരീത ബുദ്ധിയെന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത തന്നെയും നിരവധി കേസില്‍ ഉള്‍പ്പെടുത്തി വേട്ടയാടുകയാണ്. തനിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നു. ദൈവ വിശ്വാസിയായ താന്‍ എല്ലാം ദൈവത്തില്‍ അര്‍പ്പിക്കുകയാണ്. ബി.ജെ.പി അക്രമത്തില്‍ വിശ്വസിക്കുന്നില്ല. തങ്ങളുടെ ആയുധം ശരണം വിളിയാണ്. പുറത്ത് നില്‍ക്കുന്ന സുരേന്ദ്രനെക്കാള്‍ കരുത്തനാണ് അകത്ത് കിടക്കുന്ന സുരേന്ദ്രന്‍.

നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു രാജ്യത്ത് പൗരന്മാര്‍ക്ക് നീതി നല്‍കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രിയാണ് ബി.ജെ.പി പ്രവര്‍ത്തകരോട് അനീതി കാണിക്കുന്നത്. കെ സുരേന്ദ്രനെ കുറേ ദിവസം തടവിലിട്ടാലും അതിനെയെല്ലാം അതിജീവിച്ച് ഈ പ്രസ്ഥാനം മുന്നോട്ട് തന്നെ പോകും. ബി.ജെ.പിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവിനെയാണ് തടവിലിട്ടിരിക്കുന്നത്. ഒരു ബന്ധവും ഇല്ലാത്ത കേസുകളിലാണ് അദ്ദേഹത്തെ വോട്ടയാടുന്നത്.

ശോഭ സുരേന്ദ്രന്റെ പേരില്‍ കേസ് വന്നപ്പോള്‍ കെ. സുരേന്ദ്രന്‍ പ്രേരിപ്പിച്ചു എന്ന് പറഞ്ഞവരാണ് ഇവര്‍. ശോഭ സുരേന്ദ്രന്റെ ഭര്‍ത്താവാണ് കെ. സുരേന്ദ്രന്‍ എന്നാണ് ചില പോലീസുകാരും സി.പി.എമ്മുകാരും തെറ്റിദ്ധരിച്ചിരിക്കുന്നത്. നിരന്തരം തെറ്റ് സംഭവിക്കുന്ന ഈ പോലീസുകാരെ പിരിച്ചുവിടുകയാണ് വേണ്ടത്.

ഈ മുന്നേറ്റത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനുമാണ് നഷ്ടം ഉണ്ടാവുക. നേട്ടം ബി.ജെ.പിക്കായിരിക്കും. സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് സുരേന്ദ്രന്‍ പോരാടിയത്. യതീഷ് ചന്ദ്രക്ക് എതിരെ എങ്ങനെ കേസ് കൊടുക്കാമെന്ന് ഞങ്ങള്‍ കാണിച്ചു തരാം. ബി.ജെ.പിയുടെ മുന്നില്‍ വന്ന് യതീഷ് ചന്ദ്ര മാപ്പ് പറയുന്ന സ്ഥിതി ഉണ്ടാകുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.