സൗദിയിലും യു.എ.ഇയിലും ശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

single-img
26 November 2018

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ തുടങ്ങിയ മഴയില്‍ റോഡുകളും അണ്ടര്‍പാസുകളും വെള്ളകെട്ടുകളായി. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ രണ്ടു ഇന്ത്യക്കാരടക്കം 18 പേരെ അഗ്‌നിശമന സേന ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി. വാദി ലെയ്ത്തില്‍ പ്രളയത്തെത്തുടര്‍ന്ന് ലോറിക്കുമുകളില്‍ കയറി പൊലീസിന്റെ സഹായം തേടിയവരെയാണു രക്ഷിച്ചത്.

ഇതുപോലെ തീരദേശപാതയില്‍നിന്നും മറ്റുമായി രക്ഷപ്പെടുത്തിയ മറ്റു 16 പേരില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. വിവിധ പ്രദേശങ്ങളില്‍നിന്ന് പ്രളയത്തിലകപ്പെട്ട 12 കുടുംബങ്ങളിലെ 43 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മക്ക, ജിദ്ദ, ജിസാന്‍, അല്‍ഖസീം, ബുറൈദ പല റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ ഇവിടേക്കുള്ള ഗതാഗതം തിരിച്ചുവിടുന്നുണ്ട്.

ഹറമിലേക്കുള്ള ഗതാഗതവും നിയന്ത്രണവിധേയമാണ്. വരുന്ന രണ്ടു ദിവസങ്ങളില്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. തമ്പടിക്കുന്നതും ദീര്‍ഘദൂര യാത്രയും ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് കാലവര്‍ഷകെടുതിയില്‍ ഇതുവരെയായി മുപ്പത്തിയഞ്ച് ജീവനുകളാണ് പൊലിഞ്ഞത്.

അതേസമയം, യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. ദുബൈയില്‍ വലിയ തോതില്‍ ഗതാഗത തടസത്തിനും മഴ കാരണമായി. അടുത്ത ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായര്‍ വൈകിട്ട് ആറോടെയാണ് മഴ പെയ്തത്. ഒപ്പം ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു.

ദുബായ്, ഷാര്‍ജ, അബുദാബി, അജ്മാന്‍ തുടങ്ങിയ എമിറേറ്റുകളിലെ പല ഭാഗങ്ങളിലും മഴ പെയ്തു. തണുത്ത കാറ്റും വീശുന്നുണ്ട്. ഞായര്‍ രാവിലെ മുതലേ മിക്കയിടത്തും ആകാശം മേഘാവൃതമായിരുന്നു. കാലാവസ്ഥ മോശമായതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.