പി.കെ. ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ല; ഫോണിലൂടെ മോശമായി സംസാരിച്ചു; അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്; പരാതിയെ ചൊല്ലി അന്വേഷണ കമ്മീഷനില്‍ ഭിന്നത

single-img
26 November 2018

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗികപീഡന പരാതി അന്വേഷിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്തു. ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുകയാണുണ്ടായതെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈംഗികച്ചുവയോടെ ശശി പെണ്‍കുട്ടിയോട് സംസാരിക്കുകയായിരുന്നു. ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ മുഖ്യതെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഭാഗീയതയാണ് ശശിക്കെതിരായ ആരോപണത്തിനു പിന്നിലെന്ന എകെ ബാലന്റെ വാദം പികെ ശ്രീമതി തള്ളി.

അച്ചടക്ക നടപടി സംബന്ധിച്ച് പി.കെ.ശശിയുടെ വിശദീകരണം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. സെക്രട്ടേറിയറ്റിന്റെ നിര്‍ദേശങ്ങളില്‍ സംസ്ഥാനസമിതിയാണ് അന്തിമതീരുമാനമെടുക്കേണ്ടത്. ശശിക്കെതിരെ കൂടുതല്‍ കടുത്ത നടപടി വേണമെന്ന ആവശ്യം യോഗത്തിലുയര്‍ന്നേക്കാം.

തീരെ ലഘുവായ നടപടിയെടുത്താല്‍ പരാതിക്കാരി എങ്ങനെ പ്രതികരിക്കും എന്നതും നേതൃത്വത്തെ അലട്ടുന്നുണ്ട്. നിയമസഭാ സമ്മേളനം നാളെ തുടങ്ങുന്ന സാഹചര്യമില്ലായിരുന്നെങ്കില്‍ നടപടി ഇനിയും നീളുമായിരുന്നുവെന്നാണ് ശശി അനുകൂലികളുടെ അവകാശവാദം.

പരാതി പുറത്ത് വന്നതിലെ ഗൂഢാലോചന ആരോപിച്ച് പി.കെ.ശശി നല്‍കിയ പരാതിയിലും നടപടിയുണ്ടായേക്കും. പാര്‍ട്ടിക്ക് പൊതുസമൂഹത്തിനു മുന്നില്‍ അവമതിപ്പുണ്ടാക്കിയെന്നാണ് മറ്റുള്ളവര്‍ക്കെതിരെ ചുമത്തുന്ന കുറ്റം. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് പി.കെ.ശശി പ്രതികരിച്ചു. പാര്‍ട്ടി തന്റെ ജീവനാണെന്നും പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും പികെ ശശി പറഞ്ഞു.

ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതി ലഭിച്ചു മൂന്നരമാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുന്നതിനിടെയാണ് വിഷയം സി.പി.എം ചര്‍ച്ച ചെയ്യുന്നത്. ശശിയെ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് വെള്ളിയാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റിലെ ധാരണ. ഒപ്പം പരാതിക്കാരിക്ക് അനുകൂലമായി നിലപാടെടുത്ത അഞ്ചു പേര്‍ക്ക് ശാസനയോ, താക്കീതോ ലഭിക്കും.

പരാതി ലഭിച്ച ആദ്യനാളുകളില്‍ പാലക്കാട് ജില്ലയിലെ പാര്‍ട്ടി വേദികളില്‍ നിന്നു ശശിയെ പൂര്‍ണമായി അകറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തെ, സജീവമാക്കുകയും ഷൊര്‍ണൂര്‍ നിയോജകമണ്ഡലം കാല്‍നടപ്രചരണജാഥയുടെ ക്യാപ്റ്റനാക്കുകയും ചെയ്തു. ഇതെല്ലാം, കമ്മിഷന്‍ റിപ്പോര്‍ട്ടും തുടര്‍നടപടിയും പി.കെ.ശശിയുടെ വഴിക്കുവരുമെന്നതിന്റെ സൂചനയാണെന്നാണ് അനുയായികള്‍ പറയുന്നത്.