പാലക്കാട് ജില്ല വി.എസിന്റെ കോട്ടയായിരുന്ന സമയത്ത് പിണറായിക്കുവേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞ നേതാവ്; എതിര്‍ക്കുന്നവരെയല്ലാം ‘വെട്ടിനിരത്തി’: ശശിയുടെ സസ്‌പെന്‍ഷന്‍ പാര്‍ട്ടിയില്‍ ചലനമുണ്ടാക്കും

single-img
26 November 2018

ലൈംഗികാതിക്രമ പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി പാലക്കാട്ടെ സി.പി.എമ്മില്‍ പൊട്ടിത്തെറി ഉണ്ടാക്കിയേക്കും. പാര്‍ട്ടിയില്‍ വിഭാഗീയത കത്തിനിന്ന കാലത്ത് വിഎസ് പക്ഷത്തിന്റെ എതിര്‍പ്പുകളെ അതിജീവിച്ച് പിണറായിക്കായി എ.കെ. ബാലനൊപ്പം തന്ത്രങ്ങള്‍ മെനഞ്ഞയാളാണ് പി.കെ. ശശി.

വിഎസ് ഗ്രൂപ്പ് ദുര്‍ബലമാണെങ്കിലും ഇന്നും വിഎസിനോട് അനുഭാവം പുലര്‍ത്തുന്ന നേതാക്കളുടെ കണ്ണിലെ കരടാണ് പി.കെ.ശശി. അതുകൊണ്ടുതന്നെ വിവിധ കാലങ്ങളിലായി ശശിയോട് ഇടഞ്ഞ് സംഘടന രംഗത്ത് ഒതുക്കപ്പെട്ട പലരും പുതിയ സാഹചര്യത്തില്‍ കരുത്തരായി തിരിച്ചുവരും.

പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രനാണെങ്കിലും പാര്‍ട്ടിയുടെ പാലക്കാട്ടെ അവസാനവാക്ക് താനാണെന്നു വരുത്തിത്തീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ശശി നടത്തിയിരുന്നത്. ശശി പുറത്ത് പോവുന്നതോടെ ജില്ലയിലെ പാര്‍ട്ടിക്കകത്തുള്ള ഗ്രൂപ്പ് സമവാക്യങ്ങളില്‍ കാര്യമായ മാറ്റം സംഭവിക്കും.

പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷം നടന്ന ജില്ല സെക്രട്ടേറിയേറ്റ് യോഗം അതിന്റെ തെളിവായിരുന്നു. പരാതി അറിഞ്ഞിട്ടും സെക്രട്ടേറിയേറ്റില്‍ നിന്ന് മറച്ചുപിടിച്ച ജില്ല സെക്രട്ടറി സി.കെ.രാജേന്ദ്രന്റെ നിലപാടിനെതിരെ ഭൂരിപക്ഷം രംഗത്തു വന്നു.

ശശിയെ സംരക്ഷിക്കുന്ന നിലപാടാണ് സി.കെ.രാജേന്ദ്രന്‍ കൈകൊണ്ടത് എന്ന ആരോപണം പോലും യോഗത്തില്‍ ഉയര്‍ന്നു. ശശിയെ പിന്തുണച്ചിരുന്ന സെക്രട്ടേറിയേറ്റിലെ സിംഹഭാഗവും കളം മാറുന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അന്നത്തെ സെക്രട്ടേറിയേറ്റ് യോഗം.

പത്ത് വര്‍ഷത്തോളമായി പാലക്കാട്ടെ സി.പി.എം ഔദ്യോഗിക നേതൃത്വത്തിന്റെ അവസാന വാക്കായിരുന്ന ശശിക്കെതിരെ സ്വന്തം ചേരിയില്‍ നിന്നുള്ള ആദ്യ വിമതസ്വരം ഉയര്‍ന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്താണ്. ഷൊര്‍ണൂര്‍, ഒറ്റപ്പാലം നിയോജകമണ്ഡലങ്ങളുടെ പേരില്‍ ശശിയുമായി ഉടക്കിയ പി.കെ.സുധാകരനും എം.ഹംസയും ഔദ്യോഗിക വിഭാഗത്തിനിടയില്‍ കൂറു ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായിരുന്നു സി.ഐ.ടി.യു ജില്ല സമ്മേളനത്തില്‍ നേതൃത്വം മുന്നോട്ട് വെച്ച പാനലിനെ തള്ളി എം.ഹംസ സി.ഐ.ടി.യു ജില്ല സെക്രട്ടറിയായത്.

അതിന് ശശി മറുപടി നല്‍കിയത് മണ്ണാര്‍ക്കാട് നടന്ന സി.പി.എം ജില്ല സമ്മേളനത്തിലായിരുന്നു. തന്നെ എതിര്‍ത്തിരുന്ന നേതാക്കള്‍ക്കുള്ള കുറ്റപത്രമായിരുന്നു സമ്മേളനത്തില്‍ ജില്ല സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ അവതരിപ്പിച്ച സംഘടന റിപ്പോര്‍ട്ട്. തുടര്‍ന്ന്, ജില്ല സെക്രട്ടേറിയേറ്റ് രൂപികരിച്ചപ്പോള്‍ ഹംസയേയും സുധാകരനേയും ഒഴിവാക്കി. വിശ്വസ്തരെ കുത്തികയറ്റിയാണ് ശശി പാര്‍ട്ടി നേതൃത്വത്തെ കൈപ്പിടിയില്‍ തന്നെ ഒതുക്കിയത്.

അതേസമയം, പാലക്കാട് ജില്ലയിലെ ചില യുവനേതാക്കളാണ് യുവതിയുടെ പരാതി വിവാദമാക്കിയതെന്നു ശശിയെ അനുകൂലിക്കുന്നവര്‍ പറയുന്നുണ്ട്. ഇവരാണ് യുവതിയെക്കൊണ്ട് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കി അതു മാധ്യമങ്ങളിലൂടെ വാര്‍ത്തയാക്കിയതെന്നും അവര്‍ ആരോപിക്കുന്നു.

ഷൊര്‍ണൂര്‍ സിപിഎമ്മിന്റെ ശക്തമായ മണ്ഡലമായതിനാല്‍ വിവാദം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ബാധിക്കില്ല. പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടവും അതില്‍നിന്ന് കരകയറാനുള്ള മാര്‍ഗങ്ങളുമാണ് പാര്‍ട്ടി ആലോചിക്കുന്നത്.

2017 ഡിസംബറില്‍ മണ്ണാര്‍ക്കാട് നടന്ന ജില്ലാ സമ്മേളനത്തിനിടെ ശശി അപമര്യാദയായി പെരുമാറിയെന്നാണ് ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതിയുടെ പരാതി. യുവതി കേന്ദ്ര നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു. യുവതിയോടു ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് ശശിയുടെ നിലപാട്. പാര്‍ട്ടിക്കു നല്‍കിയ വിശദീകരണവും ഇങ്ങനെയാണ്. പരാതി അന്വേഷിച്ച എ.കെ. ബാലന്‍ പി.കെ.ശ്രീമതി കമ്മിഷന്‍ ശശിക്കെതിരെ നടപടി ശുപാര്‍ശ ചെയ്തിരുന്നു.

ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നായിരുന്നു ശുപാര്‍ശ. യുവതിയുമായി ശശി നടത്തിയ ഫോണ്‍ സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അതേസമയം, ഈ നിലപാടിനെച്ചൊല്ലി കമ്മിഷനില്‍ തര്‍ക്കവുമുണ്ടായി.

പരാതി വിഭാഗീയതയുടെ ഭാഗമാണെന്ന എ.കെ.ബാലന്റെ അഭിപ്രായം പി.കെ.ശ്രീമതി അംഗീകരിച്ചില്ല. വാദപ്രതിവാദങ്ങള്‍ക്കു ശേഷം ഏകകണ്ഠമായാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ഒടുവില്‍ ശശിയുടെ വിശദീകരണവും ചര്‍ച്ച ചെയ്ത ശേഷമാണ് സംസ്ഥാന കമ്മിറ്റി ശശിയെ ആറുമാസത്തക്ക് സസ്‌പെന്‍ഡ് ചെയ്തത്.