നിങ്ങള്‍ക്ക് ഇവനെ എവിടെനിന്നു കിട്ടി?; വാഗാ ബോര്‍ഡറിലൂടെ നടക്കുമ്പോള്‍…; പാക് പര്യടനത്തിനിടെ ധോണിയെക്കുറിച്ച് ചോദിച്ച പ്രധാനമന്ത്രി പര്‍വേസ് മുഷറഫിന് ഗാംഗുലി നല്‍കിയ മറുപടി

single-img
26 November 2018

മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ വരവറിയിച്ചു തുടങ്ങിയ കാലമായിരുന്നു 2006ലെ പാകിസ്താന്‍ പര്യടനം. ധോണിയുടെ നീട്ടിയ മുടിയും വന്യമായ ആക്രമണശൈലിയും ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്ന കാലം കൂടിയായിരുന്നു അത്.

ധോണി കത്തിനിന്ന ഈ പരമ്പരയ്ക്കിടെ, ധോണിയുടെ നീളന്‍ മുടിയോടുള്ള ഇഷ്ടം മുഷറഫ് വെളിപ്പെടുത്തിയത് അന്ന് വാര്‍ത്തയായിരുന്നു. ഈ മുടി മുറിക്കരുതെന്നും അന്ന് മുഷറഫ് ധോണിയോട് സ്‌നേഹപൂര്‍വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പരമ്പരയ്ക്കിടെ മുഷറഫുമായി കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം ഉന്നയിച്ച ഒരു ചോദ്യത്തെക്കുറിച്ചാണ് ഗാംഗുലി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

‘നിങ്ങള്‍ക്ക് ഇവനെ എവിടെനിന്നു കിട്ടി?’ ഇതിനുള്ള ഗാംഗുലിയുടെ മറുപടിയും രസകരമായിരുന്നു. ‘വാഗാ ബോര്‍ഡറിലൂടെ നടക്കുമ്പോഴാണ് ധോണിയെ കണ്ടത്. ഉടനെ വലിച്ച് ഇന്ത്യയിലേക്കിട്ട് ഞങ്ങള്‍ സ്വന്തമാക്കി.’

അതേസമയം, മഹേന്ദ്ര സിങ് ധോണി ചാമ്പ്യനാണെന്നും മറ്റാരെയും പോലെ ടീമില്‍ നിലനില്‍ക്കണമെങ്കില്‍ ധോണി നല്ല പ്രകടനം കാഴ്ചവക്കണമെന്നും ഗാംഗുലി പറഞ്ഞു വെസ്റ്റ് ഇന്‍ഡീസിനെതിരെയും ആസ്‌ട്രേലിയക്കെതിരെയുമുള്ള ടി20 പരമ്പരകളില്‍ ധോണിക്ക് വിശ്രമം അനുവദിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

ജീവിതത്തില്‍ ഒരു കാര്യം നാം മനസ്സിലാക്കണം. ജോലി എന്താണെങ്കിലും, എവിടെയാണെങ്കിലും, എത്ര വയസ്സാണെങ്കിലും, എത്രത്തോളം പരിചയസമ്പന്നനാണെങ്കിലും, നല്ല പ്രകടനം കാഴ്ച വച്ചില്ലെങ്കില്‍ നമ്മുടെ സ്ഥാനം മറ്റുള്ളവര്‍ ഏറ്റെടുക്കുമെന്നും ഗാംഗുലി പറഞ്ഞു. ധോണിക്ക് ആശംസകള്‍ നേരുന്നുവെന്നും യഥാര്‍ത്ഥ യോദ്ധാക്കള്‍ തളരില്ലെന്നും ഗാംഗുലി കൂട്ടിചേര്‍ത്തു.

അന്ന്, പരമ്പര ഇന്ത്യ 4-1ന് ജയിക്കുമ്പോള്‍ ശ്രദ്ധ കവര്‍ന്ന താരങ്ങളിലൊരാള്‍ ധോണിയായിരുന്നു. ആദ്യ ഏകദിനത്തില്‍ 53 പന്തില്‍ 68 റണ്‍സെടുത്താണ് ധോണി വരവറിയിച്ചത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സെഞ്ചുറി നേടിയ ഈ മല്‍സരത്തില്‍ ഇന്ത്യ 328 റണ്‍സ് നേടിയെങ്കിലും മഴ തടസ്സപ്പെടുത്തിയ മല്‍സരം ഡക്ക്‌വര്‍ത്ത്–ലൂയിസ് നിയമത്തിന്റെ ആനുകൂല്യത്തില്‍ പാക്കിസ്ഥാന്‍ ഏഴു റണ്‍സിനു ജയിച്ചു.

എന്നാല്‍ തുടര്‍ന്നുള്ള നാലു മല്‍സരങ്ങളും ഇന്ത്യ ജയിച്ചു. ഇതില്‍ രണ്ടാം ഏകദിനത്തില്‍ ധോണി ബാറ്റിങ്ങിന് ഇറങ്ങും മുന്‍പേ ഇന്ത്യ ജയിച്ചു. അടുത്ത മൂന്നു മല്‍സരങ്ങളിലും രണ്ടാമതു ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി പുറത്താകാതെ നിന്ന് ധോണി സമ്മാനിച്ച് എന്നെന്നും ഓര്‍മിക്കാന്‍ മൂന്ന് തകര്‍പ്പന്‍ വിജയങ്ങള്‍.

മൂന്നാം ഏകദിനത്തില്‍ 46 പന്തില്‍ പുറത്താകാതെ 72 റണ്‍സ്‌ േനടിയാണ് ധോണി ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. നാലാം ഏകദിനത്തില്‍ പുറത്താകാതെ രണ്ടു റണ്‍സ് നേടിയപ്പോഴേയ്ക്കും വിജയം കയ്യിലായി. അഞ്ചാം ഏകദിനത്തില്‍ 56 പന്തില്‍ ആറു ബൗണ്ടറിയും നാലു സിക്‌സും സഹിതം 77 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ധോണി, മൂന്നാം വിക്കറ്റില്‍ യുവരാജിനൊപ്പം 146 റണ്‍സിന്റെ കൂട്ടുകെട്ടും തീര്‍ത്തു. തുടര്‍ന്നു നടന്ന ടെസ്റ്റ് പരമ്പരയിലും ധോണി സെഞ്ചുറി നേടി.