‘മാരക രോഗങ്ങള്‍ വരുമ്പോള്‍ ഡൈവോഴ്‌സ് ചെയ്തു പോകുന്ന ഭാര്യമാര്‍ ഉള്ള നാട്ടില്‍ ഇതുപോലെ ഒരു ഭാര്യയെ കിട്ടിയത് പുണ്യം’; ഭാര്യയ്ക്കു നന്ദി പറഞ്ഞുള്ള കാന്‍സര്‍ ബാധിതനായ യുവാവിന്റെ കുറിപ്പ് വൈറല്‍

single-img
26 November 2018

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കാന്‍സറിനു ചികിത്സയില്‍ കഴിയുന്ന ലാല്‍സണ്‍ എന്ന യുവാവ് ഭാര്യയ്ക്കു നന്ദി പറഞ്ഞിട്ട കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എല്ലാവരും വായിക്കണം എന്നു തുടങ്ങുന്ന കുറിപ്പില്‍ ഭാര്യ സഹിക്കുന്ന വേദനയും കഷ്ടപ്പാടുകളും ലാല്‍സണ്‍ പങ്കുവെയ്ക്കുന്നുണ്ട്.

ഒരു വര്‍ഷമായി ചികില്‍യിലാണെന്നും പരിഭവങ്ങളും പരാതികളുമില്ലാതെ ഭാര്യ കൂട്ടിരിക്കുകയാണ് എന്നും ലാല്‍സണ്‍ പറയുന്നു. ഇവളെപ്പോലെ ഒരു ഭാര്യയെ കിട്ടാന്‍ എന്തു പുണ്യമാണ് ചെയ്തതെന്നു ദൈവത്തോടു ചോദിച്ചുകൊണ്ടും ഭാര്യയോടു നന്ദി പറഞ്ഞുകൊണ്ടുമാണ് കുറിപ്പ് അവസാനിക്കുന്നത്.

ലാല്‍സണ്‍ന്റെ കുറിപ്പ്:

ഇത് എല്ലാവരും വായിക്കണം. എന്റെ ഭാര്യ സ്റ്റെഫി ദൈവം എനിക്ക് തന്ന പുണ്യം. ഇന്ന് ഞാന്‍ എറണാകുളം ലേക്ഷോര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണ്. ഇന്നല്ല കഴിഞ്ഞ ഒരു വര്‍ഷമായി തിരുവനന്തപുരം rcc യിലും എറണാകുളം ലേക്ഷോറിലും ആയിരുന്നു ഞാന്‍ ഈ ഒരു വര്‍ഷവും ഉണ്ണാതെ, ഉറങ്ങാതെ എന്നെ പരിചരിക്കുന്ന സ്വന്തം ആരോഗ്യം നോക്കാതെ എന്നെ നോക്കുന്ന എന്റെ ജീവന്‍ ഇന്ന് നിലനില്‍ക്കുന്നു എങ്കില്‍ അതിനു കാരണം ദൈവം തന്ന ഈ പുണ്യമാണ്. എങ്ങനെ എന്റെ സ്‌നേഹം ഇവളെ ഞാന്‍ അറിയിക്കും. ഉറങ്ങിയിട്ട് പാവം മാസങ്ങള്‍ ആയിരുന്നു. എന്റെ അടുത്ത് നിന്നും അവളുടെ വീട്ടില്‍ ഒന്നു പോയിട്ടു വര്‍ഷം ഒന്ന് കഴിഞ്ഞു അവള്‍ക്കു പരാതികളോ, പരിഭവമോ ഇല്ല പകരം എന്നെ ശുശ്രൂഷിക്കണം എന്ന ചിന്ത മാത്രം.

വയറില്‍ ഇട്ട ട്യൂബില്‍ കൂടി ആണ് എനിക്ക് വെള്ളവും, മരുന്നും എല്ലാം തരുന്നത് ആയതെല്ലാം കൃത്യ സമയത്തു ഉണ്ണാതെ, ഉറങ്ങാതെ അവള്‍ തരും എന്നിട്ടെ അവള്‍ പച്ച വെള്ളം കുടിക്കൂ അതും ഞാന്‍ കാണാതെ എനിക്ക് വിഷമം ആവാതിരിക്കാന്‍ അടുക്കളയില്‍ ഏതെങ്കിലും മൂലയില്‍ പോയി ഇരുന്നു അവള്‍ക്കു ഇഷ്ടമില്ലാത്തത് മാത്രം വിശപ്പു മാറാന്‍ വേണ്ടി മാത്രം കഴിക്കും അതും കുഞ്ഞിന് പാല് കൊടുക്കണം എന്നുള്ളതുകൊണ്ട് മാത്രം മാരക രോഗങ്ങള്‍ വരുമ്പോള്‍ ഡൈവോഴ്‌സ് ചെയ്തു പോകുന്ന ഭാര്യമാര്‍ ഉള്ള നാട്ടില്‍ ദൈവമേ ഇവളെ പോലെ ഒരു ഭാര്യയെ കിട്ടാന്‍ ഞാന്‍ എന്ത് പുണ്യമാണ് ചെയ്തത്. നന്ദി മുത്തേ നന്ദി സ്റ്റെഫി ഒരായിരം നന്ദി നിനക്ക് പകരം തരാന്‍ ഒന്നുമില്ല എന്റെ കൈയില്‍ ഒരേ ഒരു വാക്ക് അല്ലാതെ നന്ദി നന്ദി നന്ദി.