ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ‘തല്ലുകിട്ടിയപ്പോള്‍’ സഹോദരന്‍ ഹാര്‍ദിക് പാണ്ഡ്യ കളിയാക്കി ചിരിക്കുകയായിരുന്നുവെന്ന് ക്രുനാല്‍ പാണ്ഡ്യ

single-img
26 November 2018

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ കളിയില്‍ നിറം മങ്ങിയപ്പോള്‍ ക്രുനാല്‍ പാണ്ഡ്യ വലിയ വിമര്‍ശനമാണ് നേരിട്ടത്. നാല് ഓവറില്‍ 55 റണ്‍സാണ് അന്ന് ക്രുനാല്‍ വഴങ്ങിയത്. എന്നാല്‍ പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഓസീസിന്റെ നടുവൊടിച്ചത് ക്രുനാല്‍ ആയിരുന്നു.

മത്സരത്തില്‍ നാലോവറില്‍ 36 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ക്രുനാല്‍ പാണ്ഡ്യ ഓസ്‌ട്രേലിയയില്‍ ട്വന്റി20യില്‍ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമെന്ന റെക്കോര്‍ഡാണ് സ്വന്തം പേരിലാക്കിയത്. വെടിക്കെട്ട് ബാറ്റ്‌സ്മനായ ഡാര്‍സി ഷോര്‍ട്ടിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി തുടങ്ങിയ പാണ്ഡ്യ ഗ്ലെന്‍ മാക്‌സ്‌വെല്‍, മക്ഡര്‍മോര്‍ട്ട്, കാരി എന്നിവരെയും കൂടാരത്തിലെത്തിച്ചു.

എന്നാല്‍ ബ്രിസ്‌ബേനില്‍ നടന്ന ഒന്നാം ട്വന്റി20 മല്‍സരത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ നേതൃത്വത്തില്‍ തന്നെ അടിച്ചൊതുക്കുമ്പോള്‍, ഇന്ത്യന്‍ താരം കൂടിയായ സഹോദരന്‍ ഹാര്‍ദിക് പാണ്ഡ്യ കളിയാക്കി ചിരിക്കുകയായിരുന്നുവെന്ന് ക്രുനാല്‍ പാണ്ഡ്യ പറഞ്ഞു. തിരിച്ച് അവനിട്ടാണ് ഇങ്ങനെ ‘അടി’ കിട്ടുന്നതെങ്കില്‍ താനും അതു തന്നെ ചെയ്‌തേനെയന്നും മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ ശേഷം ക്രുനാല്‍ പറഞ്ഞു.

ക്രുനാല്‍ ഇന്ത്യന്‍ ടീമില്‍ പുതുമുഖമാണെങ്കിലും ഇളയ സഹോദരനായ ഹാര്‍ദിക് പാണ്ഡ്യ ടീമിലെ സ്ഥിരം സാന്നിധ്യമാണ്. നിലവില്‍ പരുക്കുമൂലം വിശ്രമിക്കുന്ന ഹാര്‍ദിക്, ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുന്‍പ് കായികക്ഷമത വീണ്ടെടുത്ത് ടീമില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.

‘ക്രിക്കറ്റിനെക്കുറിച്ച് ഞാനും ഹാര്‍ദിക്കും കാര്യമായി സംസാരിക്കാറില്ല. ഇത്തവണ ഞങ്ങള്‍ സംസാരിച്ചിരുന്നു. അതുപക്ഷേ, നാല് ഓവറില്‍ 50ല്‍ അധികം റണ്‍സ് വഴങ്ങിയതിന് എന്നെ കളിയാക്കാനായിരുന്നു. അവന്റെ പ്രകടനം മോശമാകുമ്പോള്‍ ഇതിലും ക്രൂരമായി ഞാനും കളിയാക്കാറുള്ളതാണ്’. ക്രുനാല്‍ പറഞ്ഞു.

ഒരു ദിവസം നമ്മള്‍ തീര്‍ത്തും മോശമായിപ്പോവുകയും മറ്റൊരു ദിവസം അതേ എതിരാളികള്‍ക്കെതിരെ ടീമിന് വിജയം സമ്മാനിക്കുകയും ചെയ്യുന്നത് ചെറിയ കാര്യമാണോ? എന്തായാലും രാജ്യാന്തര ക്രിക്കറ്റിന് അനുയോജ്യനാണ് ഞാനെന്ന് സ്വയം ബോധ്യപ്പെടുത്താന്‍ പറ്റി. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള പ്രയാണത്തിന് എനിക്ക് ഏറ്റവും ആത്മവിശ്വാസം നല്‍കുന്ന പ്രകടനമാണ് ഇത്’ – ക്രുനാല്‍ വ്യക്തമാക്കി.