തന്റെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി ഹനാന്‍

single-img
26 November 2018

കൊച്ചിയില്‍ പഠനത്തിന് ശേഷം 60 കിലോമീറ്ററുകള്‍ സഞ്ചരിച്ച് മീന്‍ വില്‍പ്പന നടത്തുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത ഏറെ ഉത്സാഹത്തോടെയാണ് മലയാളി ഏറ്റെടുത്തത്. എറണാകുളം നഗരത്തിലെ പാലാരിവട്ടം തമ്മനം ജംങ്ഷനില്‍ കോളജ് യൂണിഫോം ധരിച്ച് മീന്‍ വില്‍ക്കുന്ന ഹനാന് താരപരിവേഷമാണ് ലഭിച്ചത്. പിന്നീട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹനാന്‍ അടുത്തിടെയാണ് ആശുപത്രി വിട്ടത്.

എന്നാല്‍ ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ ഹനാന്‍ ഹുക്ക വലിക്കുന്ന വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ”കേരളത്തിന്റെ ദത്തുപുത്രിയെന്ന് പിണറായി വിജയന്‍ വാഴ്ത്തിയ ഹനാന്‍ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ 1000 രൂപയ്ക്കു ഹുക്കവലിക്കുന്നു” എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പ്രചരിപ്പിച്ചിരുന്നത്.

ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി ഹനാന്‍ രംഗത്തെത്തി. ലഹരിയുടെ അംശമോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലെന്ന് മനസ്സിലായതിനാല്‍ ഒരു കൗതുകത്തിന് വേണ്ടിയാണ് ഹുക്ക വലിച്ചതെന്നും ഇത് ചിലര്‍ ദുഷ്ടലാക്കോടെ ചിത്രീകരിച്ച് പ്രചരിപ്പിച്ചതാണെന്നും ഹനാന്‍ പറഞ്ഞു.

സംഭവത്തില്‍ ഹനാന്‍ കൊച്ചി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മീന്‍ വില്‍ക്കുന്നവരും പാവപ്പെട്ടവരുമൊന്നും വലിയ ഹോട്ടലുകളിലൊന്നും പോകരുത് നല്ല വസ്ത്രം ധരിക്കരുത് എന്നൊക്കെ കരുതുന്നവരാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്നും ഹനാന്‍ പറഞ്ഞു.