മഹീന്ദ്ര ആള്‍ട്യുറാസ് G4 വിപണിയില്‍; വില 26.95 ലക്ഷം രൂപ

single-img
26 November 2018

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഏറ്റവും ഉയര്‍ന്ന എസ്‌യുവി മോഡലാണ് പുതിയ ആള്‍ട്യുറാസ് G4. രണ്ടു വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്, നാലു വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍ എസ്‌യുവിയിലുണ്ട്. 26.95 ലക്ഷം രൂപ മുതലാണ് ആള്‍ട്യുറാസ് G4 എസ്‌യുവിക്ക് വിപണിയില്‍ വില.

പടുത്തുയര്‍ത്തിയ ബോണറ്റും ക്രോം ആവരണമുള്ള ആറു സ്ലാറ്റ് ഗ്രില്ലും എസ്‌യുവിയുടെ മുഖരൂപം നിശ്ചയിക്കുന്നു. 18 ഇഞ്ച് അഞ്ചു സ്‌പോക്ക് മെഷീന്‍ കട്ട് അലോയ് വീലുകള്‍ ആള്‍ട്യുറാസിന്റെ വലുപ്പം വെളിപ്പെടുത്തും. മിററുകളിലാണ് എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍ ഇടംകണ്ടെത്തുന്നത്.

ബൂട്ടിന് കുറുകെ എല്‍ഇഡി ടെയില്‍ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോം ആള്‍ട്യുറാസ് G4 ന്റെ ഡിസൈന്‍ സവിശേഷതകളില്‍പ്പെടും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകളുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എസ്‌യുവിയുടെ മറ്റൊരാകര്‍ഷണമാണ്.

ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എട്ടു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സണ്‍റൂഫ്, തിളങ്ങുന്ന ഗ്ലോവ് ബോക്‌സ്, മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം എന്നിവയെല്ലാം ഏഴു സീറ്റര്‍ ആള്‍ട്യുറാസിന്റെ സവിശേഷതകളില്‍പ്പെടും.

എസ്‌യുവിയില്‍ തുടിക്കുന്ന 2.2 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 178 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. മെര്‍സിഡീസില്‍ നിന്നുള്ള ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ആള്‍ട്യുറാസ് ഉപയോഗിക്കുന്നത്. ഒമ്പതു എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ആന്റി റോള്‍ പ്രൊട്ടക്ഷന്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷയ്ക്കായി മോഡലിലുണ്ട്.