ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രാനുമതി ലഭിച്ചുവെന്ന് സി.ബി.ഐ

single-img
26 November 2018

എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെന്ന് സി.ബി.ഐ. പട്യാല കോടതിയിലാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കേസില്‍ 18 പേരുണ്ടെന്നും ഇതില്‍ ആറുപേരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചിട്ടില്ലെന്നും കേസ് പരിഗണിക്കവെ ജഡ്ജി ഒ.പി സൈനി സി.ബി.ഐയെ അറിയിച്ചു. ഇതേതുടര്‍ന്ന് ഡിസംബര്‍ 18 വരെ ചിദംബരത്തെയും മകന്‍ കാര്‍ത്തിയെയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിരീക്ഷിച്ചു.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം ചിദംബരവും കാര്‍ത്തിയും വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ അവസാനിപ്പിച്ചതു സംബന്ധിച്ച് പുതിയ തെളിവുകളുണ്ടെന്നു സിബിഐ വ്യക്തമാക്കി. ഇരുവര്‍ക്കുമെതിരെ സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) കേസുകളാണുള്ളത്.

എയര്‍സെല്‍ മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പി.ചിദംബരത്തെയും മകനെയും പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം നല്‍കിയിരുന്നു. എയര്‍സെല്‍ മാക്‌സിസ് കമ്പനിക്ക് വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭിച്ചതില്‍ അഴിമതി ആരോപിക്കുന്ന കേസിലാണ് ചിദംബരം, കാര്‍ത്തി എന്നിവരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

വിദേശത്തു പരമാവധി 600 കോടി രൂപയുടെ വരെ നിക്ഷേപം (എഫ്ഡിഐ) സ്വീകരിക്കുന്നതിന് അനുമതി നല്‍കാനാണ് ധനമന്ത്രിക്ക് അധികാരമെന്നാണ് 2006 ലെ നയം പറയുന്നത്. തുക 600 കോടിയില്‍ കൂടുതലെങ്കില്‍ മന്ത്രിസഭയുടെ സാമ്പത്തികാര്യ സമിതിയാണ് തീരുമാനമെടുക്കേണ്ടത്. ഇപ്പോള്‍ കേസിന് കാരണമായിരിക്കുന്ന ഇടപാട് 3,560 കോടിയുടേതാണ്. ചിദംബരം ഇടപെട്ട് അനുമതി നല്‍കിയെന്നാണ് സിബിഐയുടെ ആരോപണം.

മൊത്തം 1.16 കോടിയുടെ കള്ളപ്പണം വെളുപ്പിക്കലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നത്. എയര്‍സെല്‍ വാങ്ങുന്നതിന് മാക്‌സിസിന്റെ ഉപസ്ഥാപനമായ ഗ്ലോബല്‍ കമ്യൂണിക്കേഷന്‍ സര്‍വീസസ് ഹോള്‍ഡിങ്‌സ് ആണ് നിക്ഷേപാനുമതി നേടിയത്. ഇടപാടിന്റെ പേരില്‍ കാര്‍ത്തിയുടെ സ്ഥാപനങ്ങളിലേക്ക് 1.16 കോടി രൂപ എത്തിയെന്നും ഇതു കോഴയാണെന്നുമാണ് ആരോപണം. ചിദംബരത്തിനും കാര്‍ത്തിക്കും പുറമെ 10 വ്യക്തികളും 6 കമ്പനികളും സിബിഐയുടെ പ്രതിപ്പട്ടികയിലുണ്ട്.