ചാനല്‍ ചര്‍ച്ചകളില്‍ ‘മണ്ടത്തരം പറയുന്ന’ നേതാക്കള്‍ക്ക് സ്റ്റഡിക്ലാസുമായി ബിജെപി

single-img
26 November 2018

രാഷ്ട്രീയ സംവാദങ്ങളില്‍ പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ബിജെപി. വിവിധ ജില്ലകളില്‍ ഉള്‍പ്പെട്ട ഇരുപതോളം പേരെയാണ് പാര്‍ട്ടി ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇനി ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ മുഖം ഇവരായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ചാനല്‍ ചര്‍ച്ചയില്‍ അവതാരകരുടെയും പാനല്‍ അംഗങ്ങളുടെയും ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ നേതാക്കള്‍ ആക്രോശിക്കുന്നതും വെല്ലുവിളിക്കുന്നതും പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. ഓരോ വിഷയങ്ങളെ കുറിച്ചുമുള്ള പാര്‍ട്ടി നിലപാട് വാട്‌സ്ആപ്പിലൂടെ നല്‍കും.

ചര്‍ച്ചകളില്‍ എന്ത് പറയണമെന്ന കാര്യത്തില്‍ പാര്‍ട്ടി ഇവര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കും. ദിവസം തോറും ഉണ്ടാവുന്ന രാഷ്ട്രീയ സ്ഥിതിഗതികളില്‍, പാര്‍ട്ടിയുടെ നിലപാടുകള്‍ എന്താണെന്ന് ചര്‍ച്ചയ്ക്ക് പോകുന്നവര്‍ക്ക് വിശദീകരിച്ച് നല്‍കും. ചര്‍ച്ചയ്ക്കു പോകുന്നതിന് മുമ്പായി ഇത് സംബന്ധിച്ച വീശദീകരണം വാട്‌സ് ആപ്പിലുടെയും നല്‍കും.

ഇത് ഏകോപിപ്പിക്കുന്നതിനായി ഹരി എസ് കര്‍ത്തായെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. വിവിധ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് ജനങ്ങളിലേക്ക് എത്തിക്കാന്‍ ചാനല്‍ ചര്‍ച്ചകള്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ വിഷയത്തെ കുറിച്ചുള്ള അറിവില്ലായ്മ മൂലം നേതാക്കള്‍ അവതാരകരെയും എതിര്‍ പാര്‍ട്ടിയുടെ വക്താക്കളെയും വെല്ലുവിളിക്കുന്നതാണ് പലപ്പോഴും ചാനല്‍ ചര്‍ച്ചകളില്‍ കാണുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് ട്രോളുകള്‍ വരുന്നതും നിത്യസംഭവമാണ്. ഇത് പാര്‍ട്ടിക്ക് വിപരീത ഫലമാണ് ഉണ്ടാക്കുന്നത് എന്ന വിലയിരുത്തലിലാണ് പര്‍ട്ടിയുടെ പുതിയ തീരുമാനം.