ബ്രിട്ടീഷുകാരും സര്‍ സി.പിയും വിചാരിച്ചിട്ട് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല, പിന്നെയാണോ പിണറായി വിജയന്‍: തുറന്നടിച്ച് എകെ ആന്റണി

single-img
26 November 2018

ശബരിമലയില്‍ സര്‍ക്കാര്‍ ബി.ജെ.പിക്ക് കലാപത്തിനുള്ള അവസരമൊരുക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടാനായി കേരളത്തില്‍ ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും വളര്‍ത്തി കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് സി.പി.എമ്മിന്റെ ശ്രമം.

ശബരിമല സംഘര്‍ഷഭരിതമാക്കാനാണ് മുഖ്യമന്ത്രിയുടേയും ആര്‍.എസ്.എസിന്റേയും ബി.ജെ.പിയുടേയും ശ്രമം. ഇത് സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ പരാജയത്തെ മറച്ചുവെക്കാനുള്ള ഉപകരണമായിട്ടാണ് മുഖ്യമന്ത്രി കാണുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയും ബി.ജെ.പി കൂട്ടുപ്രതിയുമാണെന്നും എ.കെ ആന്റണി പറഞ്ഞു. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എ.കെ ആന്റണി.

പ്രളയദുരിതാശ്വാസം സമ്പൂര്‍ണ പരാജയത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അടിയന്തര സഹായമായ പതിനായിരം രൂപ പോലും പലര്‍ക്കും നല്‍കിയിട്ടില്ല. ശബരിമലയില്‍ ബി.ജെ.പിക്ക് അവസരം നല്‍കി കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നാണ് മുഖ്യമന്ത്രി വിചാരിക്കുന്നത്.

ഇത് മലര്‍പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. ബ്രിട്ടീഷുകാരും സര്‍ സി.പിയും വിചാരിച്ചിട്ട് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെയാണോ പിണറായി വിജയനെന്നും എ.കെ ആന്റണി ചോദിച്ചു. ആചാരങ്ങളിലും അനുഷ്ടാനങ്ങളിലുമെല്ലാം മാറ്റം വരുത്തണമെങ്കില്‍ ഏറെ ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണ്. അത് എടുത്തുചാടി എടുക്കേണ്ട തീരുമാനമല്ല. പോലീസുകാര്‍ പോലും സര്‍ക്കാര്‍ പിന്തുണയോടെ എരിതീയില്‍ എണ്ണ ഒഴിക്കുകയാണെന്നും ആന്റണി പറഞ്ഞു.