ബി.ജെ.പി അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും രാമക്ഷേത്രം പണിയുമെന്ന് ഉദ്ധവ് താക്കറെ

single-img
25 November 2018

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. യോഗി വാഗ്ദാനങ്ങള്‍ നടത്തുന്നതല്ലാതെ ഒന്നും നടപ്പിലാക്കുന്നില്ലെന്ന് ഉദ്ധവ് കുറ്റപ്പെടുത്തി.

ഹിന്ദുക്കളുടെ മതവികാരത്തില്‍ തൊട്ടുകളിക്കരുത്. അങ്ങനെ വന്നാല്‍ ഹിന്ദു സമൂഹം നിശബ്ദരായിരിക്കില്ലെന്ന് ഉദ്ധവ് മുന്നറിയിപ്പ് നല്‍കി. കേന്ദ്ര സര്‍ക്കാര്‍ രാമക്ഷേത്രത്തിന് അനുകൂല നിലപാടെടുത്തില്ലെങ്കില്‍ പിന്നെ ആര് ക്ഷേത്രം നിര്‍മിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ബി.ജെ.പി അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും രാമക്ഷേത്രം പണിയും. ജനങ്ങളുടെ വികാരത്തെ വെച്ച് കളിക്കുന്നത് ബി.ജെ.പി നിര്‍ത്തണം. ബി.ജെ.പി ശക്തരാണ്, അവര്‍ക്ക് രാമക്ഷേത്രം നിര്‍മാണം നടത്താന്‍ സാധിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

രാമക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം ബിജെപിയുടെ തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് തുറന്നടിച്ച ശിവസേനാ തലവന്‍ വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും മടിക്കുന്നത് എന്തുകൊണ്ടാണെന്നും ആരാഞ്ഞു. അയോധ്യയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉദ്ധവ് ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിച്ചത്.