വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച ആ നഗ്ന ദൃശ്യം തന്റേതല്ല; ഭര്‍ത്താവിന്റെ ആരോപണം തെറ്റെന്ന് തെളിയിച്ചു; ആത്മാഭിമാനം സംരക്ഷിക്കാനുള്ള രണ്ടര വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തില്‍ വിജയംകണ്ട് കൊച്ചിയിലെ വീട്ടമ്മ

single-img
25 November 2018

തന്നോട് മുഖസാദൃശ്യമുള്ള യുവതിയുടെ അശ്ലീലദൃശ്യങ്ങളുടെ പേരില്‍ ജീവിതം പ്രതിസന്ധിയിലായ വീട്ടമ്മയ്ക്ക് ഒടുവില്‍ ആശ്വാസം. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച അശ്ലീലദൃശ്യങ്ങളിലുള്ളത് തൊടുപുഴക്കാരിയായ ശോഭയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക് സ്ഥിരീകരിച്ചു.

സൈബര്‍ ഫോറന്‍സിക് കേസുകളില്‍ ഏത് അന്വേഷണ ഏജന്‍സിക്കും അന്തിമ വാക്കാണ് സിഡാക്കിന്റെത്. സംസ്ഥാന പോലീസിന്റെ ഫോറന്‍സിക് ലാബില്‍ രണ്ടുവട്ടം നടത്തിയ പരിശോധനയും ഫലം കണ്ടിരുന്നില്ല. സ്വന്തം നഗ്‌നദൃശ്യങ്ങള്‍ താന്‍ തന്നെ പ്രചരിപ്പിച്ചുവെന്ന ഭര്‍ത്താവിന്റെ ആരോപണം തെറ്റെന്ന് തെളിയിക്കാനായി രണ്ടരവര്‍ഷമാണ് ശോഭ പോരാടിയത്.

ശോഭയുടെ ഭര്‍ത്താവും അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരും അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് വന്ന ഒരു അശ്ലീല വീഡിയോയുടെ പേരിലാണ് ശോഭയുടെ ജീവിതം മാറി മറിയുന്നത്. ശോഭയുടേത് എന്ന പേരിലാണ് ആ വീഡിയോ ക്ലിപ്പ് ഗ്രൂപ്പിലേക്ക് വന്നത്.

വീഡിയോ കണ്ട ഭര്‍ത്താവിന് ദൃശ്യങ്ങളിലുള്ളത് തന്റെ ഭാര്യ തന്നെയാണെന്ന് സംശയം തോന്നിയതോടെ കഥ മാറി. അതേ ചൊല്ലിയുള്ള തര്‍ക്കങ്ങളും വഴക്കും ശോഭയുടെ കുടുംബജീവിതം തകര്‍ത്തു. വഴക്ക് മൂത്ത് ഒടുവില്‍ മൂന്ന് മക്കളുടെ അമ്മയായ ശോഭയെ ഇയാള്‍ ഒരു രാത്രി വീട്ടില്‍ നിന്നും ഇറക്കിവിട്ടു.

വൈകാതെ കോടതിയില്‍ വിവാഹമോചന ഹര്‍ജിയും നല്‍കി. രണ്ടര വര്‍ഷക്കാലം മക്കളെ കാണാനോ ബന്ധപ്പെടാനും ശോഭയ്ക്ക് വിലക്ക് നേരിടേണ്ടി വന്നു. ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് ശോഭ കേണു പറഞ്ഞിട്ടും മുഖവിലയ്‌ക്കെടുക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല.

കുടുംബജീവിതം തകരുകയും നാട്ടുകാര്‍ക്കും സമൂഹത്തിനും അപമാനിതയായി നില്‍ക്കുകയും ചെയ്യേണ്ടി വന്ന ശോഭ അതോടെയാണ് നിരപരാധിതത്വം തെളിയിക്കാനായി നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഡിജിപിക്കും മുഖ്യമന്ത്രിക്കും അടക്കം ശോഭ പരാതി നല്‍കി.

എന്നാല്‍ കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസ് തികഞ്ഞ അലംഭാവവമാണ് അന്വേഷണത്തില്‍ കാണിച്ചത്. ഇതോടെ ശോഭ ഡിജിപിയെ നേരില്‍ കണ്ടു. പ്രശ്‌നത്തില്‍ ഇടപെട്ട ഡിജിപി ലോക്‌നാഥ ബെഹ്‌റ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ വച്ചു നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ദൃശ്യങ്ങളിലുള്ളത് ശോഭയല്ലെന്ന് തെളിഞ്ഞു.

ശോഭയുമായി വിദൂര സാദൃശ്യം പോലുമില്ലാത്ത സ്ത്രീയാണ് വീഡിയോയില്‍ ഉള്ളതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടരവര്‍ഷം നീണ്ട യാതനകള്‍ക്കും മാനസികസമ്മര്‍ദ്ദത്തിനും ഒടുവില്‍ സത്യം പുറത്തു വരുമ്പോള്‍ ദൈവത്തിനും ഒപ്പം നിന്നവര്‍ക്കും നന്ദി പറയുകയാണ് ശോഭ.

എന്റെ മക്കള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇത്രയും പോരാടിയത്. അമ്മ മോശക്കാരിയാണെന്ന് ചീത്തപ്പേര് അവര്‍ക്കുണ്ടാവരുത്- ശോഭ പറയുന്നു. ദൃശ്യങ്ങളിലുള്ളത് ശോഭയല്ലെന്ന് തെളിഞ്ഞെങ്കിലും കേസിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. ഭര്‍ത്താവ് അംഗമായ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ശോഭയുടെ പേരില്‍ ഈ അശ്ലീല ക്ലിപ്പെത്തിച്ചത് ആരാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.

പോരാട്ടം ഇവിടെ തീരുന്നില്ല. എവിടെ നിന്നോ വന്ന ഒരു നഗ്‌നദൃശ്യം ശോഭയുടേത് എന്ന അടിക്കുറിപ്പോടെ പുറത്തുവിട്ടത് ആരാണ്? ആ ഉറവിടം കണ്ടെത്താതെ തന്റെ ദുരിതം തീരില്ലെന്ന് ശോഭ വിശ്വസിക്കുന്നു, അതിനാണ് ഇനിയുള്ള ശ്രമം- ശോഭ പറയുന്നു.

അതേസമയം, ആത്മാഭിമാനം സംരക്ഷിക്കാനുള്ള നിയമപോരാട്ടത്തില്‍ ശോഭയ്‌ക്കൊപ്പമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെ പൊലീസ് കണ്ടെത്തും. കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും ബെഹ്‌റ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിതരാകുന്നവര്‍ മുന്നോട്ടുവരണം. പരാതി ലഭിച്ചാല്‍ കുറ്റക്കാരെ കണ്ടെത്താനുള്ള സാങ്കേതികവിദ്യ ലഭ്യമാണ്. കണ്ടുപിടിക്കാന്‍ കഴിയില്ലെന്ന ധാരണ കുറ്റക്കാര്‍ക്കുവേണ്ട, പൊലീസിന്റെ സൈബര്‍ ഫോറന്‍സിക് വിഭാഗം ശക്തമാണന്നും അദേഹം പറഞ്ഞു.

കടപ്പാട്: മനോരമന്യൂസ്