സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം

single-img
25 November 2018

ശബരിമലയിൽ രാത്രി നാമജപം നടത്തി അറസ്റ്റിലായ 82 പേരെ മണിയാർ ക്യാംപിൽനിന്നു പുലർച്ചെ അഞ്ചരയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇന്നലെ രാത്രിയാണ് നടയടയ്ക്കുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിത പ്രതിഷേധം നടത്തിയ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായത്. പതിനെട്ടാം പടിക്ക് പരിസരത്തും വാവർ നടയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേടിനുള്ളിൽ കടന്നും നാമം വിളിച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും നാമജപത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. അറസ്റ്റിലായ തീർഥാടകരെ പുലർച്ചെ ഒന്നരയോടെയാണ് വടശേരിക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഇവരെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഒറ്റയ്ക്കോ കൂട്ടമായോ ശരണം വിളിക്കുന്നതിതു തടസമില്ലെന്നു ഹൈക്കോടതിയും ജില്ലാ കലക്ടറുടെ നിരോധനാജ്ഞ ഉത്തരവിലും പറഞ്ഞിരുന്നു.

ഇതിനു വിരുദ്ധമായാണ് അറസ്റ്റ്. സംഘത്തിൽ ഉണ്ടായിരുന്ന കൊച്ചുകുട്ടികളെ പമ്പയിലെ ഗാർഡ് റൂമിനു മുൻപിൽ വച്ച് പൊലീസ് വാഹനത്തിൽ കയറ്റാതെ ഒഴിവാക്കിയിരുന്നു. അന്യായമായാണ് പൊലീസ് കുട്ടികളെയടക്കം കസ്റ്റഡിയിലെടുത്തതെന്നും നടയടച്ചശേഷം ശരണം വിളിച്ചിട്ടില്ലെന്നും കസ്റ്റഡിയിലായവർ പറഞ്ഞു.

ഒരു സംഘടനയുമായും ബന്ധമില്ലെന്നും ഇവർ പറഞ്ഞു. എന്നാൽ ബിജെപി കോട്ടയം ജില്ലാ ട്രഷറർ കെജി കണ്ണൻ അടക്കം സംഘത്തിലുള്ളതായി വിവരം പുറത്തുവന്നു. സമരം തികച്ചും ആസൂത്രിതമെന്നും വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതികളായവരും ഇക്കൂട്ടത്തിലുണ്ടെന്നും പൊലീസ് പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ചു, മാർഗ്ഗതടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചുമത്തിയിട്ടുള്ളത്. മണിയാര്‍ ക്യാമ്പിലെത്തിച്ചശേഷമാണ് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചത്.