‘മോദി വരും, പോകും, പക്ഷേ, നമ്മുടെ രാജ്യം എപ്പോഴും ഒന്നായിരിക്കും; ‘മന്‍ കി ബാത്തി’ന്റെ 50ാം പതിപ്പില്‍ പ്രധാനമന്ത്രി

single-img
25 November 2018

‘മോദി വരും, പോകും. പക്ഷേ, നമ്മുടെ രാജ്യം എപ്പോഴും ഒന്നായിരിക്കും; നമ്മുടെ സംസ്‌കാരം അനശ്വരവും. 130 കോടിയിലധികം വരുന്ന ജനങ്ങള്‍ പങ്കുവയ്ക്കുന്ന ചെറിയ കഥകള്‍ എക്കാലവും നിലനില്‍ക്കും. ഈ പുതിയ പ്രചോദനത്തില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കി നമ്മുടെ രാജ്യം വളരുകതന്നെ ചെയ്യും’. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മന്‍ കി ബാത്തി’ന്റെ 50–ാം പതിപ്പിലാണ് രാജ്യം എക്കാലവും ഒറ്റക്കെട്ടായി തുടരുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്.

‘മന്‍ കി ബാത്തിനു തുടക്കം കുറിക്കുമ്പോള്‍, അതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതില്‍ മോദിയോ മറ്റു രാഷ്ട്രീയ നേട്ടങ്ങളോ കടന്നുവരരുതെന്നും ആഗ്രഹിച്ചിരുന്നു. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് നിങ്ങളോരോരുത്തരുടെയും നിര്‍ലോഭമായ സഹകരണം ഒന്നുകൊണ്ടു മാത്രമാണ്’ -– മോദി വ്യക്തമാക്കി.

മന്‍ കി ബാത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കി ജനങ്ങളിലേക്ക് എത്തിക്കാന്‍ മനസ്സു കാട്ടുന്ന മാധ്യമങ്ങളോട് നന്ദിയുണ്ടെന്നും മോദി പറഞ്ഞു. ‘രാഷ്ട്രീയക്കാര്‍ സാധാരണഗതിയില്‍ മാധ്യമങ്ങളുമായി അത്ര ചേര്‍ച്ചയിലായിരിക്കില്ല. മാധ്യമങ്ങളില്‍ തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്നോ നെഗറ്റീവ് വാര്‍ത്തകള്‍ മാത്രമേ അവര്‍ നല്‍കുന്നുള്ളൂ എന്നൊക്കെയാകാം പരിഭവം. എങ്കിലും, മന്‍ കി ബാത്തില്‍ ഞാന്‍ ഉയര്‍ത്തിക്കാട്ടിയ വിഷയങ്ങള്‍ അവരുടേതെന്ന രീതിയില്‍ത്തന്നെ ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ആദ്യം മുതലേ ശ്രമിച്ചിട്ടുണ്ട്’- മോദി പറഞ്ഞു.