മോദിയുടെ അച്ഛന്‍ ആരാ? ആര്‍ക്കുമറിയില്ല; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്

single-img
25 November 2018

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത്. മുന്‍ കേന്ദ്ര മന്ത്രിയായ വിലാസ് റാവു മുട്ടേമറാണ് നരേന്ദ്രമോദിക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ അഞ്ച് തലമുറകളെ അറിയാം. എന്നാല്‍ നരേന്ദ്ര മോദിയുടെ അച്ഛനാരാണെന്ന് ആര്‍ക്കുമറിയില്ലെന്നായിരുന്നു വിലാസ് റാവുവിന്റെ പ്രസ്താവന.

ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മോദി പ്രധാനമന്ത്രി ആകുന്നതിന് മുന്‍പ് ആര്‍ക്കുമറിയില്ലായിരുന്നു. ഇന്നും പ്രധാനമന്ത്രിയുടെ അച്ഛന്റെ പേര് ആര്‍ക്കുമറിയില്ല. എന്നാല്‍ എല്ലാവര്‍ക്കും രാഹുല്‍ ഗാന്ധിയുടെ അച്ഛനെ അറിയാം. രാജീവ് ഗാന്ധി.

രാജീവ് ഗാന്ധിയുടെ മാതാവിന്റെ പേരും എല്ലാവര്‍ക്കും സുപരിചിതമാണ്. ഇന്ദിരാ ഗാന്ധി. ഇന്ദിരയുടെ പിതാവോ ?? പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു. മോട്ടിലാല്‍ നെഹ്‌റുവാണ് ജവഹര്‍ലാന്‍ നെഹ്‌റുവിന്റെ പിതാവ്. രാഹുല്‍ ഗാന്ധിയുടെ അഞ്ച് തലമുറയെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മോദിയുടെ അച്ഛനാരാ ?? ആര്‍ക്കുമറിയില്ല. എന്നിട്ടാണയാള്‍ കണക്കും പറഞ്ഞ വരുന്നതെന്ന് വിലാസ്‌റാവു മുട്ടെംവാര്‍ പറയുന്നു.

വിലാസ്‌റാവു മുട്ടെംവാറിന്റെ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് വഴി വച്ചിട്ടുണ്ട്. മുന്‍പ് മോദിയുടെ മാതാവിനെ രൂപയുടെ മൂല്യവുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബര്‍ രംഗത്ത് എത്തിയതിനെ മോദി തന്നെ വിമര്‍ശിച്ചിരുന്നു. തന്റെ വൃദ്ധയായ അമ്മയെ അനാവശ്യമായി രാഷ്ട്രീയ വാഗ്വാദത്തിനായി ഉപയോഗിക്കുകയാണ്. തന്നെ അല്ലാതെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ല എന്നാണ് മോദി പ്രതികരിച്ചത്.