സൗദിയില്‍ ബിനാമി ബിസിനസ് നടത്തി: പ്രവാസി മലയാളിക്ക് തടവും രണ്ടുലക്ഷം റിയാല്‍ പിഴയും ശിക്ഷ

single-img
25 November 2018

സൗദിയില്‍ ബിനാമി ബിസിനസ് നടത്തിയ കേസില്‍ മലയാളി യുവാവിന് രണ്ടുവര്‍ഷം തടവും രണ്ടുലക്ഷം റിയാല്‍ പിഴയും. ഒരു വര്‍ഷംമുമ്പ് രജിസ്റ്റര്‍ചെയ്ത കേസില്‍ റിയാദ് ക്രിമിനല്‍ക്കോടതിയാണ് ശിക്ഷവിധിച്ചത്. റിയാദ് ബത്ഹയില്‍ മൊബൈല്‍ ഷോപ്പ് നടത്തിയ സൈനുദ്ദീന്‍ അരീക്കരകണ്ടിയെയാണ് ശിക്ഷിച്ചത്.

ഇയാള്‍ക്ക് സഹായം നല്‍കിയതിന് സ്‌പോണ്‍സറായിരുന്ന മുഹമ്മദ് ബിന്‍ ജല്‍മൂദിന് 11 മാസം തടവും രണ്ടുലക്ഷം റിയാല്‍ (ഏകദേശം 37,66,384 രൂപ) പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞാല്‍ മലയാളിയെ നാടുകടത്തണമെന്നും സൗദിയില്‍ വീണ്ടും തൊഴില്‍ തേടുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

സ്‌പോണ്‍സര്‍ക്ക് വിദേശയാത്ര നടത്തുന്നതിന് രണ്ടുവര്‍ഷം വിലക്കും ഏര്‍പ്പെടുത്തി. വാണിജ്യമന്ത്രാലയം നടത്തിയ പരിശോധനയില്‍ ഇത് ബിനാമി സ്ഥാപനമാണെന്ന് കണ്ടെത്തിയിരുന്നു. സ്‌പോണ്‍സര്‍ക്ക് മാസം 1,500 റിയാല്‍ (ഏകദേശം 28,247 രൂപ) പ്രതിഫലം നല്‍കിയാണ് മൊബൈല്‍ ഫോണ്‍ ഷോപ്പ് നടത്തിയിരുന്നത്. കുറ്റസമ്മതമൊഴിയുടെയും കടയില്‍നിന്ന് കണ്ടെടുത്ത തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിചാരണയ്ക്കുശേഷമാണ് കോടതി ശിക്ഷവിധിച്ചത്.