മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ ജാഫര്‍ ഷെരീഫ് അന്തരിച്ചു

single-img
25 November 2018

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സി.കെ. ജാഫര്‍ ഷെരീഫ് (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബംഗളൂരുവില്‍ ചികിത്സയില്‍ ആയിരുന്നു ജാഫര്‍ ഷെരീഫ്. നരസിംഹ റാവു മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രി ആയിരുന്നു അദ്ദേഹം. കാറില്‍ കയറുന്നതിനിടെ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കര്‍ണാടക സ്വദേശിയായ ജാഫര്‍ ഷെരീഫ് നിജലിംഗപ്പയടെ അനുയായിയായി ആണ് രാഷ്ട്രീയത്തില്‍ എത്തിയത്. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധി വിഭാഗത്തിനൊപ്പം നിന്നു. എംപി ഫണ്ടില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുക ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച പാര്‍ലമെന്റംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം.

റെയില്‍വെ മന്ത്രിയെന്ന നിലയില്‍ രാജ്യത്തെ തീവണ്ടിപ്പാളങ്ങളുടെ ഗേജ് മാറ്റത്തില്‍ സുപ്രധാന പങ്കുവഹിച്ചു. കര്‍ണാടകത്തിലെ റെയില്‍വെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. ബെംഗളൂരുവില്‍ റെയില്‍വെ വീല്‍ ആന്‍ഡ് ആക്‌സില്‍ പ്ലാന്റ് സ്ഥാപിക്കപ്പെട്ടതും അദ്ദേഹത്തിന് പരിശ്രമഫലമായാണ്. 1933 ല്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലുള്ള ചല്ലക്കരെയിലാണ് ജാഫര്‍ ഷെരീഫ് ജനിച്ചത്. ഷെരീഫിന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുശോചിച്ചു.