പാണ്ഡ്യയുടെയും കോഹ്‌ലിയുടെയും മികവില്‍ മൂന്നാം ട്വന്റി20 പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

single-img
25 November 2018

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഉയര്‍ത്തിയ 164 റണ്‍സ് കോഹ്ലിയുടെ ബാറ്റിങ് മികവില്‍ ഇന്ത്യ ആറ് വിക്കറ്റ് ശേഷിക്കെ മറികടന്നു. ഇതോടെ പരമ്പര സമനിലയില്‍ പൂര്‍ത്തിയായി. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

അവസാന രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഷോട്ടോടെയാണ് ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കിയത്. വിരാട് കോഹ്‌ലി 41 പന്തില്‍ 61 റണ്‍സുമായി പുറത്താകാതെ നിന്നു. ആറു ബൗണ്ടറിയും രണ്ടു സിക്‌സും അടങ്ങുന്നതാണ് കോഹ്‌ലിയുടെ ഇന്നിങ്‌സ്. ദിനേഷ് കാര്‍ത്തിക് 18 പന്തില്‍ ഒരു ബൗണ്ടറിയും സിക്‌സും സഹിതം 22 റണ്‍സുമായി കോഹ്‌ലിക്കു തുണ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ കോഹ്‌ലി–കാര്‍ത്തിക് സഖ്യം 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നേരത്ത, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 164 റണ്‍സെടുത്തത്. ക്രുനാല്‍ പാണ്ഡ്യ നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. 33 റണ്‍സെടുത്ത ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ടാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.

29 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതമാണ് ഷോര്‍ട്ട് 33 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 23 പന്തില്‍ നാലു ബൗണ്ടറികളോടെ 28 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് മികച്ച സ്‌കോറിലേക്ക് കുതിച്ച ഓസീസിനെ ക്രുനാല്‍ പാണ്ഡ്യയും മികച്ച പിന്തുണ നല്‍കിയ കുല്‍ദീപ് യാദവും ചേര്‍ന്നാണ് തളച്ചത്.

എട്ട് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 68 റണ്‍സ് എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. എന്നാല്‍, ഒന്‍പതാം ഓവറില്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ ക്രുനാല്‍ പാണ്ഡ്യയുടെ കൈകളിലെത്തിച്ച് കുല്‍ദീപ് യാദവ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു.

അടുത്ത ഓവര്‍ ബോള്‍ ചെയ്ത ക്രുനാല്‍ പാണ്ഡ്യ ഏല്‍പ്പിച്ച ഇരട്ടപ്രഹരം കൂടിയായതോടെ ഓസീസ് തളര്‍ന്നു. സ്‌കോര്‍ 73ല്‍ നില്‍ക്കെ ഡാര്‍സി ഷോര്‍ട്ട് (33), മക്‌ഡെര്‍മോട്ട് (പൂജ്യം) എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ കൂടാരം കയറ്റിയ പാണ്ഡ്യ, തന്റെ അടുത്ത ഓവറില്‍ അപകടകാരിയായ ഗ്ലെന്‍ മാക്‌സ്‌വെലിനേയും പുറത്താക്കി. 16 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 13 റണ്‍സായിരുന്നു മാക്‌സ്‌വെലിന്റെ സമ്പാദ്യം.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് കറേയുടെ നേതൃത്വത്തില്‍ ഓസീസ് തിരിച്ചടിക്കു ശ്രമിച്ചെങ്കിലും തന്റെ നാലാം ഓവര്‍ ബോള്‍ ചെയ്യാനെത്തിയ പാണ്ഡ്യ കറേയേയും പുറത്താക്കി. 19 പന്തില്‍ നാലു ബൗണ്ടറി സഹിതം 27 റണ്‍സായിരുന്നു കറേയുടെ സമ്പാദ്യം. ക്രിസ് ലിന്‍ (10 പന്തില്‍ 13 റണ്‍സ്) ജസ്പ്രീത് ബുമ്രയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി. അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയ്‌നിസ് (15 പന്തില്‍ 25), നഥാന്‍ കോള്‍ട്ടര്‍നീല്‍ (ഏഴു പന്തില്‍ 13) എന്നിവരാണ് ഓസീസ് സ്‌കോര്‍ 160 കടത്തിയത്.