അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കര്‍ തന്നെയെന്ന് സാക്ഷി മൊഴികള്‍

single-img
25 November 2018

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിച്ച അപകടത്തില്‍ വാഹനമോടിച്ചത് ബാലഭാസ്‌കര്‍ തന്നെയായിരുന്നെന്ന് സാക്ഷിമൊഴി. സ്റ്റിയറിങ് സീറ്റില്‍ നിന്നാണ് ബാലഭാസ്‌കറെ പുറത്തെടുത്തതെന്നാണ് രക്ഷാപ്രവര്‍ത്തകരും സമീപവാസികളും നല്‍കിയ മൊഴി.

രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരും സ്ഥലത്തുണ്ടായിരുന്നവരുമായിരുന്ന അഞ്ച് പേരാണ് മൊഴി നല്‍കിയത്. അപകടം നടന്നതിന് സമീപമുള്ള വീട്ടുകാരുടെയും പിന്നില്‍ വന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുടെയും മൊഴികള്‍ നിര്‍ണായകമാണ്. ഈ മൊഴികള്‍ ലഭിച്ചാല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

അതിനിടെ, ബാലഭാസ്‌ക്കറിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം അപകട സ്ഥലം സന്ദര്‍ശിച്ചു. വാഹനവും ഫൊറന്‍സിക് സംഘം പരിശോധിച്ചു. പരിക്കുകളും അപകട നടന്ന രീതിയും പരിശോധിച്ച് ഫൊറന്‍സിക് സംഘം റിപ്പോര്‍ട്ട് നല്‍കും. രക്ഷാപ്രവര്‍ത്തിന് ആദ്യമെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറുടെയും മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ബാലഭാസ്‌ക്കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും ജീവനെടുത്ത സെപ്റ്റംബര്‍ 25ലെ അപകടത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന് ബാലഭാസ്‌ക്കറിന്റെ പിതാവ് ഉണ്ണി ആവശ്യപ്പെട്ടിരുന്നു. ഇതേതേതുടര്‍ന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

അപകടത്തെപ്പറ്റി കുടുംബത്തിനുള്ള സംശയങ്ങളാണ് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ് താമസിക്കാന്‍ മുറി ബുക്ക് ചെയ്തിരുന്നു. ഇതു ഉപേക്ഷിച്ച് രാത്രി യാത്രക്ക് തയാറെടുത്തതിന്റെ കാരണം അന്വേഷിക്കണമെന്നാണ് പിതാവിന്റെ ആവശ്യം.

വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് വ്യക്തമായിരുന്നിട്ടും എന്തിന് പൊലീസിനോട് കള്ളം പറഞ്ഞു എന്നതാണ് മറ്റൊരു സംശയം. ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്റെയും മൊഴികള്‍ പരസ്പര വിരുദ്ധമാണ്. ഇതിനെല്ലാം ഉത്തരം തേടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു.

എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്‌കര്‍ ആണ് കാര്‍ ഓടിച്ചതെന്നായിരുന്നു ഡ്രൈവര്‍ വിശദമാക്കിയത്. സെപ്തംബര്‍ 25 നാണ് നാടിനെ കണ്ണീരിലാഴ്ത്തി ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും കാറപകടത്തില്‍ മരിച്ചത്.