നിലയ്ക്കലില്‍ വീണ്ടും നിരോധനാജ്ഞ ലംഘിച്ച് ബിജെപി; കൂട്ട അറസ്റ്റ്: ഇന്നലെ അറസ്റ്റിലായവര്‍ക്ക് വീരപരിവേഷം നല്‍കി ബിജെപി; സ്വീകരിക്കാന്‍ സംസ്ഥാന നേതാക്കളും

single-img
25 November 2018

പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. സംസ്ഥാന സെക്രട്ടറി വി.കെ.സജീവനടക്കമുള്ള പത്തംഗസംഘമാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ പെരുനാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഇരുമുടിക്കെട്ടുമായി രണ്ടു കാറുകളിലായാണ് ഇവര്‍ എത്തിയത്. ഇലവുങ്കലില്‍ വച്ച് ഇവരുടെ വാഹനം പോലീസ് തടഞ്ഞ് പരിശോധിക്കുകയും പേരുവിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നിലയ്ക്കലില്‍ എത്തിയ ഇവരോട് പോലീസ് നിബന്ധനകള്‍ വ്യക്തമാക്കി.

ആറുമണിക്കൂറിനകം ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ വരണം, വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടില്ല തുടങ്ങിയ കാര്യങ്ങളാണ് പറഞ്ഞത്. എന്നാല്‍ ഇവ അനുസരിക്കാന്‍ തയ്യാറല്ലെന്ന് പ്രവര്‍ത്തര്‍ വ്യക്തമാക്കി. തുടര്‍ന്ന് നിരോധനാജ്ഞ ലംഘിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ശരണം വിളിക്കുകയുമായിരുന്നു.

ബിജെപി പ്രവര്‍ത്തകര്‍ ഞായറാഴ്ച നിരോധനാജ്ഞ ലംഘിക്കുമെന്ന വിവരത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ശനിയാഴ്ച രാത്രി സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇത്.

അതിനിടെ, സന്നിധാനത്ത് നിന്ന് ഇന്നലെ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് പൊന്‍കുന്നത്ത് സ്വീകരണം നല്‍കി. സന്നിധാനത്ത് പിടിയിലായ പൊന്‍കുന്നം സ്വദേശികളായ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കണ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും പൊലീസ് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ രാത്രിയാണ് നടയടയ്ക്കുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിത പ്രതിഷേധം നടത്തിയ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായത്. പതിനെട്ടാം പടിക്ക് പരിസരത്തും വാവര്‍ നടയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേഡിനുള്ളില്‍ കടന്നും നാമജപം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രാത്രി പത്തരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പൊലീസിന്റെ കണ്ണുവെട്ടിച്ച് വാവര്‍ നടയ്ക്ക് മുന്നിലെ ബാരിക്കേഡ് കടന്ന് 52 പേരും പതിനെട്ടാം പടിക്ക് സമീപം നിന്ന് മുപ്പതോളം പേരും ശരണം വിളിച്ചു. ഇത് അതീവ സുരക്ഷാ മേഖലയാണെന്നും പിന്‍മാറിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു.

എന്നാല്‍ ഇരു സംഘങ്ങള്‍ക്ക് ചുറ്റും പൊലീസ് നിലയുറപ്പിച്ചെങ്കിലും ശരണം വിളി തുടര്‍ന്നു. ഹരിവരാസനം പാടി നടയടച്ചതിനു തൊട്ടു പിന്നാലെ കസ്റ്റഡിയിലെടുക്കുന്നതായി പൊലീസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് എസ്പി ശിവവിക്രത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തവരെ രണ്ട് സംഘങ്ങളായി പമ്പയിലെത്തിച്ചു.

അന്യായമായാണ് പൊലീസ് കുട്ടികളെയടക്കം കസ്റ്റഡിയിലെടുത്തതെന്നും നടയടച്ചശേഷം ശരണം വിളിച്ചിട്ടില്ലെന്നും കസ്റ്റഡിയിലായവര്‍ പറഞ്ഞു. കസ്റ്റഡിയിലായവര്‍ക്ക് പരസ്പരം പരിചയമില്ലെന്നും ഒരു സംഘടനയുമായും ബന്ധമില്ലെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെജി കണ്ണന്‍ അടക്കം സംഘത്തിലുള്ളതായി വിവരം പുറത്തുവരികയായിരുന്നു. സമരം തികച്ചും ആസൂത്രിതമെന്നും വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതികളായവരും ഇക്കൂട്ടത്തിലുണ്ടെന്നും പൊലീസ് പറയുന്നു. നിരോധനാജ്ഞ ലംഘിച്ചു, മാര്‍ഗതടസമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇവരുടെ പേരില്‍ ചുമത്തിയത്. മണിയാര്‍ ക്യാമ്പിലെത്തിച്ച ശേഷമാണ് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചത്.