‘അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല; ആന്‍ലിയയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ട്’; വാട്‌സ്ആപ്പ് സന്ദേശങ്ങളിലെ ദുരൂഹത ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍

single-img
25 November 2018

പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മട്ടാഞ്ചേരി സ്വദേശിനി ആന്‍ലിയ ഹൈജിനസിന്റെ മരണത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണവുമായി മാതാപിതാക്കള്‍. കഴിഞ്ഞ ഓഗസ്റ്റ് 28നാണ് ഇരുപത്തിയഞ്ചുകാരിയായ ആന്‍ലിയയുടെ മൃതദേഹം കണ്ടെത്തിയത്.

ഭര്‍തൃഗൃഹത്തിലെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് അറിയിച്ചിട്ടും പൊലീസ് വേണ്ട രീതിയില്‍ അന്വേഷിക്കുന്നില്ലെന്നാണ് മാതാപിതാക്കളുടെ പരാതി. എന്നാല്‍ ഗാര്‍ഹിക പീഢനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പൊലീസ് വിശദീകരണം.

മകളുടെ മരണത്തില്‍ ജസ്റ്റിന്‍ മാത്യുവിനും അയാളുടെ അമ്മയ്ക്കുമെതിരെ എല്ലാ തെളിവുകളും ഉണ്ടായിട്ടും അന്വേഷണം നടത്തുന്ന ഗുരുവായൂര്‍ എസിപി ശിവദാസന്‍ മനപ്പൂര്‍വ്വമായ അലംഭാവം കാട്ടുകയാണെന്ന് മാതാപിതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പ്രത്യേക ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് മാതാപിതാകളുടെ ആവശ്യം. വിവാഹിതയും ഏട്ടുമാസം പ്രായമായ ആണ്‍കുഞ്ഞിന്റെ അമ്മയുമായ ആന്‍ലിയ മരിക്കുമ്പോള്‍ എംഎസ്സി നഴ്‌സിങ്ങ് വിദ്യാര്‍ഥിനിയായിരുന്നു.

ബംഗളൂരുവില്‍ നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ ആന്‍ലിയയെ ഭര്‍ത്താവ് ജസ്റ്റിനാണ് ആഗസ്ത് 25ന് തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ കൊണ്ടുപോയി വിടുന്നത്. അന്നുതന്നെയാണ് മകളെ കാണാനില്ലെന്ന പരാതി ജസ്റ്റിന്‍ പോലിസിന് നല്‍കുന്നതും. 28ന് രാത്രി 10.40ന് നോര്‍ത്ത് പറവൂര്‍ വടക്കേകര പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലുള്ള പെരിയാര്‍ പുഴയില്‍ നിന്നാണ് ആന്‍ലിയയുടെ മൃതദേഹം കിട്ടുന്നത്.

പഠിക്കാനും മറ്റ് കലകളിലും മിടുക്കിയായ മകള്‍ കൃത്യമായ ലക്ഷ്യം ഉള്ളവളായിരുന്നു. അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മകളുടെ മരണ ശേഷം ലഭിച്ച പേഴ്‌സണല്‍ ഡയറി, വരച്ച ചിത്രങ്ങള്‍, പരിസരവാസികള്‍ തങ്ങളോട് പറഞ്ഞ കഥകള്‍, ആന്‍ലിയ സഹോദരന് അയച്ച മെസേജുകള്‍ എന്നിവ പരിശോധിച്ചാല്‍ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനും പങ്കുണ്ടെന്ന് മനസിലാകും.

മരിക്കുന്നതിന് ഏതാനും നാള്‍ മുമ്പ് ഇത്തരത്തില്‍ ഒരു ഉപദ്രവം ഉണ്ടായതിനെ കുറിച്ച് മകള്‍ പോലിസിന് എഴുതിയ പരാതിയും മരണ ശേഷം മുറിയില്‍ നിന്ന് ലഭിച്ചു. ഈ തെളിവുകള്‍ സഹിതമാണ് പോലീസിന് പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണം ഒരിടത്തുമെത്തിയില്ല.

മകള്‍ മരിച്ചതിന് ശേഷം ജസ്റ്റിനോ വീട്ടുകാരോ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നിട്ടില്ല. ആന്‍ലിയയുടെ മകന്‍ ജസ്റ്റിനൊപ്പമാണ് ഉള്ളത്. അവനെ കാണുവാന്‍ അനുവദിക്കുന്നില്ല. ഒരു സ്വകാര്യ വിവാഹ ബ്യൂറോ വഴി വന്ന ആലേചനയാണ് തൃശൂര്‍ അന്നകര സ്വദേശി ജസ്റ്റിന്‍ മാത്യുവിന്റേത്.

അന്ന് വിദേശത്ത് ജോലി ചെയ്യുകയായിരുന്ന അയാള്‍. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞ് അയാള്‍ ജോലി ഉപേക്ഷിച്ചതായി പറയുന്നു. അന്നുമുതല്‍ തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. മകളുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ അടിയന്തിരമായി നിയമനടപടി സ്വീകരിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.