‘അമ്മ’ ഷോയിലും ആഭ്യന്തര പരാതി സെൽ വേണം; പുതിയ ആവശ്യവുമായി ഡബ്ല്യൂസിസി ഹൈക്കോടതിയിൽ

single-img
24 November 2018

താരസംഘടനയായ അമ്മ പ്രളയദുരിതാശ്വാസത്തിനായി നടത്തുന്ന സ്‌റ്റേജ് ഷോയ്ക്ക് വേണ്ടിയും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി ഹൈക്കോടതിയിൽ ഹർജി നൽകി. ഡിസംബർ ഏഴിന് അബുദാബിയിൽ വെച്ചാണ് താരസംഘടന സ്‌റ്റേജ് ഷോ നടത്തുക.

ഷോയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ ക്ഷേമത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന ആവശ്യം ഡബ്ല്യു.സി.സിക്ക് വേണ്ടി റിമ കല്ലിങ്കൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഉന്നയിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഡബ്യൂ.സി.സി പുതിയ ആവശ്യം ഉന്നയിച്ചത്.

മലയാള സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസിയ്ക്ക് വേണ്ടി റിമ കല്ലിങ്കലും പത്മപ്രിയയുമാണ് നേരത്തെ ഹർജി സമർപ്പിച്ചത്. സംസ്ഥാന സർക്കാരിനെയും അമ്മയെയും എതിർകക്ഷിയാക്കിയാണ് ഹർജി.

തൊഴിലിടത്തെ ലൈംഗീകാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികൾക്കുൾപ്പടെ ബാധകമാണെന്ന് ഹർജിയിയിൽ ചൂണ്ടിക്കാട്ടുന്നു. സംഘടനയിൽ നടിമാർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ പരാതി നൽകാൻ കമ്മിറ്റിയുണ്ടെന്നാണ് ‘അമ്മ’ അധികൃതരുടെ വിശദീകരണം. കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരൻ എന്നിവരാണ് ഈ സമിതിയിലുള്ളതെന്ന് അമ്മ ജനറൽ സെക്രട്ടറി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.