ദ്വീപിലേക്ക് അടുക്കുന്നവരെ അമ്പും വില്ലും ഉപയോഗിച്ച് കൊല്ലും; യുഎസ് യുവാവിനെ അമ്പെയ്തുകൊന്ന ദ്വീപില്‍ ജീവിതം ഞെട്ടിക്കുന്നത്: വീഡിയോ

single-img
24 November 2018

ക്രൂരമായ ആക്രമണം പ്രതിരോധമാക്കി പുറംലോകത്ത് നിന്ന് അകന്ന് ഒറ്റപ്പെട്ട് ഗോത്രവര്‍ഗക്കാര്‍ വസിക്കുന്ന ദ്വീപാണ് സെന്റിനെലീസ്. ആന്‍ഡമാനിലെ പോര്‍ട്ട്ബ്‌ളെയറില്‍ നിന്ന് അമ്പതോളം മൈല്‍ മാറികിടക്കുന്ന ഈ ദ്വീപ് വീണ്ടും വാര്‍ത്തയാകുന്നത് കഴിഞ്ഞ ആഴ്ച അമേരിക്കക്കാരനെ അമ്പെയ്തു കൊന്നതോടെയാണ്.

കയ്യില്‍ കിട്ടുന്നതെന്തും ആഹാരമാക്കുന്ന, കടുത്ത ആക്രമണകാരികളായ, ക്രൂരതയുടെ പര്യായമായ ജനക്കൂട്ടം എന്നായിരുന്നു ദ്വീപില്‍ കഴിയുന്ന ഈ ഗോത്രവിഭാഗത്തെ പതിമൂന്നാം നൂറ്റാണ്ടിലെ പ്രശസ്തനായ നാവികന്‍ മാര്‍ക്കോപോളോ വിശേഷിപ്പിച്ചത്. ആ വിശേഷണം കാലങ്ങള്‍ എത്ര കഴിഞ്ഞാലും മാറില്ല എന്നത് സത്യമായ കാര്യമാണ്.

കാരണം ദ്വീപിലേക്ക് എത്തുന്നവരെയെല്ലാം അമ്പും വില്ലും ഉപയോഗിച്ച് ഈ ആദിമ ഗോത്രവര്‍ഗക്കാര്‍ കൊന്നുകളയും. കാടിനെയും കടലിനെയും ആശ്രയിച്ചാണ് സെന്റിനെല്‍ ദ്വീപ് നിവാസികളുടെ ജീവിതം. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ സെന്റിനെല്‍ ഉള്‍പ്പെടുന്ന ദ്വീപുസമൂഹത്തെ കോളനിവത്ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ 8000 പേരോളം ഇവിടെയുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.

ദീര്‍ഘനാളായുള്ള ഏകാന്തവാസത്തെത്തുടര്‍ന്ന് ഇവരുടെ പ്രതിരോധശക്തി ക്ഷയിച്ചു. അസുഖങ്ങള്‍ക്കും അണുക്കള്‍ക്കുമെല്ലാം എളുപ്പം കീഴടങ്ങാനുള്ള സാധ്യതയുണ്ട്. കണക്കുകളില്‍ 150 ആണ് നിലവില്‍ ഇവിടുത്തെ ജനസംഖ്യ. എന്നാല്‍ ചിത്രങ്ങളും മറ്റും ആസ്പദമാക്കിയുള്ള ദേശീയ സെന്‍സസ് പ്രകാരം പതിനഞ്ചോളം പേര്‍ മാത്രമേ ഇപ്പോള്‍ ഈ ദ്വീപിലുള്ളൂ എന്നും കരുതപ്പെടുന്നു.

ഗോത്രവിഭാഗത്തെപ്പറ്റി ഇന്ന് പുറംലോകത്തിനറിയാവുന്ന കാര്യങ്ങളെല്ലാം ചിത്രങ്ങളിലൂടെയോ ബോട്ടുകളില്‍ ഒരു നിശ്ചിത അകലത്തില്‍ നിന്ന് നോക്കി മനസ്സിലാക്കുകയോ ചെയ്തവയാണ്. നഗ്‌നരാണ് ഇവര്‍. സ്ത്രീകള്‍ നാരുകള്‍ കൊണ്ടുള്ള ചരടുകള്‍ അരയിലും തലയിലും കഴുത്തിലും ചുറ്റാറുണ്ട്.

പുരുഷന്മാരും നെക്ക്‌ലേസുകളും തലയില്‍കെട്ടുകളും അണിയാറുണ്ട്. ചിലര്‍ മുഖത്ത് ചായം പൂശാറുമുണ്ട്. അമ്പും വില്ലും കുന്തവും ഇവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആയുധങ്ങളാണ്. ചില ചിത്രങ്ങളില്‍ ഇത് കാണാം. അവസാനമായി ദ്വീപിലെത്തിയ അലന്‍ ഡയറിക്കുറിപ്പില്‍ പറയുന്നതിങ്ങനെ:

‘അഞ്ച് അടി 5 ഇഞ്ച് ഉയരമുള്ള മനുഷ്യര്‍, അവര്‍ മുഖത്ത് മഞ്ഞ ചായം പൂശിയിരിക്കുന്നു’. ഗോത്രവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കായുള്ള അഭിഭാഷക സംഘമായ സര്‍വൈവല്‍ ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഇങ്ങനെ: ‘കരുത്തുള്ള ആരോഗ്യമുള്ളവര്‍, നിരവധി കുട്ടികളും ഗര്‍ഭിണികളായ സ്ത്രീകളും ഇവര്‍ക്കിടയിലുണ്ട്.”

1960കളില്‍ നരവംശശാസ്ത്രജ്ഞര്‍ ദ്വീപ് ഇടക്കിടെ സന്ദര്‍ശിച്ചിരുന്നു. ദ്വീപുവാസികള്‍ക്ക് സമ്മാനങ്ങളും മറ്റും നല്‍കിയാണ് അവര്‍ സന്ദര്‍ശനം സാധ്യമാക്കിയിരുന്നത്. എന്നാല്‍ പോകെപ്പോകെ ശാസ്ത്രജ്ഞരെയും ഇവര്‍ ദ്വീപിലേക്ക് പ്രവേശിപ്പിക്കാതെയായി.

എതിര്‍പ്പിനെത്തുടര്‍ന്ന് ശാസ്ത്രജ്ഞരും പിന്‍വാങ്ങി. 2004ല്‍ സുനാമിയുണ്ടായപ്പോള്‍ ദ്വീപിന് മുകളിലൂടെ പറന്ന ഇന്ത്യന്‍ നാവികസേനയുടെ ഹെലികോപ്ടറിനെ ഇവര്‍ അമ്പെയ്ത് വീഴ്ത്താനൊരുങ്ങി. പിന്നാലെ സെന്റിനെല്‍ ദ്വീപിലേക്ക് സന്ദര്‍ശനം പാടില്ലെന്ന് അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സുരക്ഷിത ദൂരത്തുനിന്ന് ഇവരുടെ ആരോഗ്യകാര്യങ്ങളും മറ്റും ഉദ്യോഗസ്ഥര്‍ ഇടക്കിടെ നിരക്ഷീച്ചുപോരുന്നുണ്ട്. ഒരു ചെറിയ പനി പോലും ഇവരില്‍ എളുപ്പം പടര്‍ന്നുപിടിക്കാനും അതുവഴി ഈ ഗോത്രത്തിന് വംശനാശം സംഭവിക്കാനും ഇടയാകുമെന്ന് കരുതപ്പെടുന്നു.

1981 ല്‍ ഹോങ്കോങ്ങില്‍ നിന്നുള്ള ഒരു കപ്പല്‍ ഈ ദ്വീപിനടുത്ത് മണലില്‍ ഉറച്ചുപോകാന്‍ ഇടയായി. പിറ്റേന്ന് രാവിലെ അന്‍പതോളം നഗ്‌നരായ മനുഷ്യര്‍ അമ്പും വില്ലും മറ്റു ആയുധങ്ങളുമായി കരയില്‍ നില്‍ക്കുന്നത് കപ്പലില്‍ ഉള്ളവര്‍ കണ്ടു. അവര്‍ തടികൊണ്ടുള്ള ചങ്ങാടം നിര്‍മിക്കാന്‍ ഒരുങ്ങുകയായിരുന്നു.

കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ക്യാപ്റ്റന്‍ തുടര്‍ന്ന് അപകട സന്ദേശം അയക്കുകയും കപ്പല്‍ ജീവനക്കാരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട് സെന്റിനല്‍സ് വാര്‍ത്തയില്‍ നിറയുന്നത് 2006ല്‍ ആണ്. ദിശതെറ്റി ദ്വീപില്‍ അകപ്പെട്ട ഇന്ത്യക്കാരായ രണ്ട് മല്‍സ്യതൊഴിലാളികളെ ദ്വീപ് നിവാസികള്‍ കൊലപ്പെടുത്തി.

സെന്റിനല്‍ ദ്വീപില്‍ തെങ്ങ് വളരുകയില്ല എങ്കിലും തേങ്ങകള്‍ ഇവര്‍ക്ക് പ്രിയങ്കരമാണ്. ഇങ്ങനെ 1991 ല്‍ ആണ് ആദ്യമായും അവസാനമായും സെന്റിനല്‍സുമായി ഇടപെഴകാന്‍ അവസരം ഉണ്ടായത്. ഈ പര്യവേഷണത്തില്‍ ബോട്ടിനു ദ്വീപിന്റെ വളരെ അടുത്ത് എത്താനായി.

മാത്രവുമല്ല ഇട്ടുകൊടുത്ത തേങ്ങകള്‍ സെന്റിനല്‍സ് എടുത്തുകൊണ്ടുപോവുകയും ചെയ്തു. തേങ്ങ എന്ന് അര്‍ത്ഥം വരുന്ന ‘ഗാഗ ‘ എന്ന ജറാവ ഗോത്രഭാഷ ഉച്ചരിക്കുകയും അത് മനസ്സിലാക്കാക്കി സെന്റിനല്‍സ് സൗഹാര്‍ദ്ദപരമായി ഇടപെടുകയും ചെയ്തു. ഇത് ചിത്രീകരിക്കുകയും ചെയ്തിരുന്നു.

അതിനിടെ, 12 വര്‍ഷം മുന്‍പ് ദ്വീപ് നിവാസികളുടെ കയ്യില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡന്റ് പ്രവീണ്‍ ഗൗര്‍ പങ്കുവയ്ക്കുന്ന അനുഭവും ലോകത്തിന്റെ ശ്രദ്ധനേടുന്നു. രക്ഷാദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇദ്ദേഹം ദ്വീപിലെത്തിയത്. പോര്‍ട്ട് ബ്ലെയറിലെ ഒരു ഗ്രാമത്തില്‍ നിന്നും മോട്ടോര്‍ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയ രണ്ട് മല്‍സ്യത്തൊഴിലാളികളെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് തിരച്ചിലിനിറങ്ങിയത്.

നോര്‍ത്ത് സെന്റിനല്‍ ദ്വീപിന് സമീപം വ്യോമനിരീക്ഷണം നടത്തുന്നതിനിടയിലാണ് ദ്വീപിനോട് ചേര്‍ന്ന് ഒരു ബോട്ട് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ ഹെലികോപ്ടര്‍ താഴ്ന്നു പറത്തി അവര്‍ ബോട്ടിനടുത്തേക്ക് എത്തി. എന്നാല്‍ ഹെലികോപ്ടര്‍ നിലം തൊടാനൊരുങ്ങുന്നതിനിടെ പെട്ടെന്ന് ദ്വീപിനുള്ളില്‍ നിന്നും അമ്പുകള്‍ പ്രവഹിക്കാന്‍ തുടങ്ങി. ബോട്ടിനടുത്തേക്ക് കുതിച്ചെത്തിയ സെന്റിനല്‍ നിവാസികള്‍ ഹെലികോപ്ടര്‍ ലക്ഷ്യമാക്കി തുടരെ അമ്പെയ്ത്തു. നൂറടി ഉയരത്തില്‍ വരെ ആ അമ്പുകള്‍ എത്തി.

തുരുതുരാ വരുന്ന അമ്പുകള്‍ ഹെലികോപ്ടറിന്റെ പ്രൊപ്പലറില്‍ കുടുങ്ങി അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഞങ്ങള്‍ പെട്ടെന്ന് തന്നെ അവിടെ നിന്നും പറന്നു. അവരെ അവിടെ നിന്നും മാറ്റാതെ ബോട്ടും പരിസരവും പരിശോധിക്കാന്‍ സാധിക്കില്ലെന്ന് എനിക്ക് മനസ്സിലായി. തീരത്തോട് ചേര്‍ന്ന് ഞാന്‍ ഹെലികോപ്ടര്‍ പറത്തി.

ഹെലികോപ്ടറിനെ പിന്തുടര്‍ന്ന് കൊണ്ട് അവര്‍ തീരത്ത് കൂടെ ഓടി. ബോട്ട് നില്‍ക്കുന്ന ഇടത്ത് നിന്ന് ഏതാണ്ട് ഒന്നരകിലോമീറ്ററോളം അവരെ കൊണ്ടു വന്ന ശേഷം ഞാന്‍ പെട്ടെന്ന് ഹെലികോപ്ടര്‍ തിരിച്ചു വിട്ടു. ദ്വീപുകാര്‍ എത്തും മുന്‍പ് ബോട്ടിനടുത്ത് എത്തി പരിശോധന നടത്തി.

അപ്പോഴാണ് കടല്‍ക്കരയില്‍ രണ്ട് മണല്‍കൂനകള്‍ കാണുന്നത്. കാണാതായ മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങളായിരുന്നു ആ മണല്‍ക്കൂനയില്‍. പക്ഷേ ഒരാളുടെ മൃതദേഹം വീണ്ടെടുക്കുമ്പോഴേക്കും നിവാസികള്‍ തിരിച്ചെത്തിയിരുന്നു. ഉടന്‍ തന്നെ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഹെലികോപ്ടറിലേക്ക് കയറ്റി ഞങ്ങള്‍ പറന്നുയര്‍ന്നു.

രണ്ടാമത്തെ ആളുടെ മൃതദേഹവും വീണ്ടെടുക്കണം എന്ന നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ വീണ്ടും സെന്റിനല്‍ ദ്വീപിലേക്ക് തിരികെ പറന്നു. എന്നാല്‍ ഇക്കുറി സെന്റിനല്‍ ദ്വീപ് നിവാസികള്‍ കൂടുതല്‍ കരുത്തരായിരുന്നു. സംഘങ്ങളായി തിരിഞ്ഞയിരുന്നു അവരുടെ ആക്രമണം.

ഒരു സംഘം ഹെലികോപ്ടറിനെ പിന്തുടര്‍ന്ന് അമ്പെയ്ത്തു. അടുത്ത സംഘം ബോട്ടിനും കുഴിമാടത്തിനും കാവലിരുന്നു. ഒരുപാട് സമയം ദ്വീപിനും ചുറ്റും പറന്ന് അവരുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലിച്ചില്ല. ഒടുവില്‍ പരാജയം സമ്മതിച്ചു തിരിച്ചുപോകേണ്ടി വന്നു.

പിന്നീട് ആ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം വീണ്ടെടുക്കാനായില്ലെന്നും പ്രവീണ്‍ ഗൗര്‍ പറഞ്ഞു. പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ നടത്തിയ സാഹസിക രക്ഷാപ്രവര്‍ത്തനത്തിലൂടെ കടലില്‍ കുടുങ്ങി പോയ മറ്റു രണ്ട് മത്സ്യത്തൊഴിലാളികളെ കൂടി രക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചു. സാഹസികമായ ഈ രക്ഷാദൗത്യത്തിന്റെ പേരില്‍ 2006ലെ സ്വാതന്ത്യദിനത്തില്‍ തന്ത്രക്ഷക് പുരസ്‌കാരം നല്‍കി രാഷ്ട്രം ഗൗറിനേയും സംഘത്തേയും ആദരിച്ചിരുന്നു.