രാഹുല്‍ ഈശ്വറിനെ നിലയ്ക്കലില്‍ തടഞ്ഞു; സന്നിധാനത്തേക്കു പോകാന്‍ അനുമതിയില്ല

single-img
24 November 2018

ശബരിമല: സന്നിധാനത്തേക്കു പോകാന്‍ നിലയ്ക്കലില്‍ എത്തിയ അയ്യപ്പ ധര്‍മ സേന നേതാവ് രാഹുല്‍ ഈശ്വറിനെ പോലീസ് തടഞ്ഞു. മറ്റു രണ്ടുപേര്‍ക്കൊപ്പം ഇരുമുടിക്കെട്ടുമായി ശനിയാഴ്ച ഉച്ചയോടെയാണ് രാഹുല്‍ നിലയ്ക്കലില്‍ എത്തിയത്. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നിലയ്ക്കല്‍ സ്റ്റേഷനിലെത്തിയ രാഹുല്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ കടത്തിവിടാനാകൂവെന്നും പോലീസ് രാഹുലിനോടു വ്യക്തമാക്കി. തുടര്‍ന്ന് രാഹുല്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി. അതേസമയം പോലീസ് നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നു രാഹുല്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

ശബരിമലയില്‍ ദര്‍ശനം നടത്തരുതെന്നു പറഞ്ഞിട്ടില്ല. ഭക്തര്‍ക്കു ഭീതിയുണ്ടാക്കുകയാണു പൊലീസ്. മനുഷ്യാവകാശ ലംഘനമാണിത്. പൊലീസ് രാജാണിതെന്ന് ചിലരെങ്കിലും സംശയിക്കുന്നതില്‍ തെറ്റില്ല. ഇതിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹൈക്കോടതിയിലെ യുവതീപ്രവേശ ഹര്‍ജിയില്‍ ഭക്തരുടെ വികാരം ഗൗനിക്കാതെ ദേവസ്വംബോര്‍ഡ് നിലപാട് എടുത്തേക്കില്ല. സമാധാന അന്തരീക്ഷത്തിനു പ്രശ്മുണ്ടാകുന്ന നീക്കങ്ങള്‍ തല്‍ക്കാലം വേണ്ടെന്ന് സിപിഎം നേതൃത്വം ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കിയതായാണു സൂചന.

ഹൈക്കോടതിയിലെ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും ചര്‍ച്ച നടത്തി. സമാധാനപരമായ അന്തരീക്ഷത്തില്‍ മണ്ഡലകാലം പുരോഗമിക്കെ ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചത് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും ആശയകുഴപ്പത്തിലാക്കിയിരുന്നു.