റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫ്രാന്‍സിലും പരാതി

single-img
24 November 2018

റഫാല്‍ കരാറില്‍ വിശദമായ അന്വേഷണമാവശ്യപ്പെട്ട് ഫ്രാന്‍സ് ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസിന് പരാതി. ഫ്രാന്‍സില്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ ഷെര്‍പ ആണ് പരാതി നല്‍കിയത്. ജെറ്റ് നിര്‍മ്മാണ കമ്പനിയായ ദസൗള്‍ട്ട് ഇന്ത്യയുമായി നടത്തിയ 36 റാഫേല്‍ ജെറ്റുകള്‍ക്കുള്ള കരാറിനെ കുറിച്ചുള്ള വിശദ വിവരങ്ങളും അംബാനിയെ ഇടനിലക്കാരനാക്കിയ തീരുമാനത്തെ കുറിച്ചും വ്യക്തത ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിട്ടുള്ളത്.

അഴിമതി നടത്തിയതിനുള്ള സാധ്യത, അര്‍ഹതപ്പെടാത്തവര്‍ക്ക് ആനുകൂല്യം നല്‍കുക, സ്വാധീനത്തിന് വഴങ്ങി കച്ചവടം നടത്തുക തുടങ്ങിയ ആരോപണങ്ങളെ കുറിച്ച് കൃത്യമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷ എന്‍.ജി.ഒ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഫ്രഞ്ച് വിമാനനിര്‍മാതാക്കളായ ദസ്സോ ഏവിയേഷനില്‍നിന്ന് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയ ഇടപാടിലാണ് ഇന്ത്യയിലും ഫ്രാന്‍സിലും ഒരുപോലെ വിവാദങ്ങള്‍ ഉടലെടുത്തത്. നേരത്തെ 126 വിമാനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിച്ച ഇടപാടിലാണ് പിന്നീട് വിമാനങ്ങളുടെ എണ്ണം 36 ആയി ചുരുങ്ങിയത്. ഇതിനുപുറമേ ദസ്സോ ഏവിയേഷന്റെ ഇന്ത്യയിലെ നിര്‍മാണ പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ തിരഞ്ഞെടുത്തതും വിവാദത്തിന് കാരണമായി.