മോഹന്‍ലാല്‍ മനഃപൂര്‍വം പറഞ്ഞതാണെന്ന് ഞാന്‍ കരുതുന്നില്ല; ഇക്കാര്യത്തില്‍ കുറച്ച് ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു: പ്രകാശ് രാജ്

single-img
24 November 2018

മീടൂ വിഷയത്തില്‍ ഒരു പ്രസ്താവന നടത്തുമ്പോള്‍ മോഹന്‍ലാല്‍ കുറച്ചുകൂടി ശ്രദ്ധ ചെലുത്തേണ്ടതായിരുന്നുവെന്ന് നടന്‍ പ്രകാശ് രാജ്. ‘മോഹന്‍ലാല്‍ മനഃപൂര്‍വം പറഞ്ഞതാണെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം അങ്ങിനെ പറഞ്ഞുപോയതാവാം. വളരെ സെന്‍സിബിളും സെന്‍സിറ്റീവുമായ വ്യക്തിയാണ് മോഹന്‍ലാല്‍.

പക്ഷേ, മീ ടൂ പോലൊരു വിഷയത്തില്‍ കുറച്ചു കൂടി ജാഗ്രതയും കരുതലും പുലര്‍ത്തേണ്ടതുണ്ട്. ലാലേട്ടനെ പോലൊരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്. ‘മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പ്രകാശ് രാജ് പറഞ്ഞു. മീ ടൂ വളരെ ശക്തമായ പ്രസ്ഥാനമാണെന്നും സ്ത്രീകളെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനമാണ് ഇതിലൂടെ നടക്കുന്നതെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലും മോഹന്‍ലാലിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മീ ടൂവിനെ ഒരു മൂവ്‌മെന്റായി കാണേണ്ട ആവശ്യമില്ലെന്നും, മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ അബുദാബിയില്‍ ഗള്‍ഫ് ന്യൂസുമായുള്ള അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെ നടിമാരായ രേവതിയും പത്മപ്രിയയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.