സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍

single-img
24 November 2018

രണ്ടുവര്‍ഷം മുമ്പ് നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് ഇപ്പോഴും ബിജെപി സര്‍ക്കാര്‍ ചെണ്ടകൊട്ടി നടക്കുന്നത് എന്തിനെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമ്മന്‍. പരിഹാസം കലര്‍ന്ന രീതിയിലാണ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമെന്നാരോപിച്ചായിരുന്നു മന്ത്രി പൊട്ടിത്തെറിച്ചത്.

കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്ന് രണ്ട് വര്‍ഷം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് എന്‍.ഡി.എ സര്‍ക്കാര്‍ അത് ഇപ്പോഴും ചെണ്ടകൊട്ടി നടക്കുന്നത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

നിങ്ങള്‍ വളരെ പരിഹാസം കലര്‍ന്ന രീതിയിലാണ് ഈ ചോദ്യം ചോദിച്ചതെന്നും അത് തന്നെ വേദനിപ്പിച്ചെന്നുമായിരുന്നു മന്ത്രി ആദ്യം മറുപടി നല്‍കിയത്. ‘ബിന്‍ബജായെ’ എന്ന വാക്കാണ് നിങ്ങള്‍ ഉപയോഗിച്ചത്. എനിക്ക് ഹിന്ദിയറിയില്ലെന്ന് നിങ്ങള്‍ കരുതരുത് എന്നും പ്രതിരോധമന്ത്രി പറഞ്ഞു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് ജനങ്ങളോട് പറയേണ്ടതുണ്ടോയന്നും ഇത് സൈനികരുടെ താല്‍പ്പര്യത്തിന് പുറത്തായിരുന്നോ, കോണ്‍ഗ്രസ് സര്‍ക്കാര്‍ സമാനമായ ഓപ്പറേഷനുകള്‍ നടത്തിയിരുന്നില്ലേയെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ എല്ലാ പൗരന്മാരും വാഴ്ത്തണം. ശത്രുക്കളെ ആക്രമിക്കുന്നതില്‍ നമ്മള്‍ നാണിക്കണോ?, തീവ്രവാദികളുടെ സഹായത്തോടെ അവര്‍ നമ്മുടെ സൈനികരെ ആക്രമിച്ചു. തീവ്രവാദികുടെ ക്യാമ്പ് നമ്മള്‍ തിരിച്ച് ലക്ഷ്യം വച്ചതായും നിര്‍മ്മലാ സീതാരാമ്മന്‍ പറഞ്ഞു. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ സൈനികരെ ഓര്‍ത്ത് നമ്മള്‍ അഭിമാനിക്കണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വൈകാരികമായി പ്രതികരിച്ചതിന് പിന്നാലെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചതോടെ തനിക്ക് വേദനിച്ചതായും എന്നാല്‍ ചോദ്യം ചോദിച്ചയാള്‍ അത് ചിലപ്പോള്‍ ഉദ്ദേശിച്ചിട്ടുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഗവണ്‍മെന്റ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നെങ്കില്‍ അവരും അതിനെ വാഴ്ത്തിപ്പാടിയിരുന്നേനെയെന്നും മന്ത്രി പറഞ്ഞു.