ശശികലയ്ക്കും ശോഭയ്ക്കും ഒക്കെ എന്തും വിളിച്ചുപറയാമെന്നായിട്ടുണ്ട്; യതീഷ് ചന്ദ്രയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും മന്ത്രി കെ.കെ. ശൈലജ

single-img
24 November 2018

കോഴിക്കോട്: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചുവെന്ന ആരോപണത്തില്‍ എസ്പി യതീഷ് ചന്ദ്രയെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്ന കേന്ദ്രമന്ത്രിയുടെ ആവശ്യത്തിന് വളരെ സൗമ്യമായാണ് മറുപടി നല്‍കിയത്.

മന്ത്രിയെ കടത്തി വിടാമെന്നും കൂടെ ഉള്ള വാഹനങ്ങളെ കടത്തി വിടില്ലെന്നുമാണ് പറഞ്ഞതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കെ പി ശശികലയെ മാഡം എന്ന് വിളിച്ചാണ് സംസാരിച്ചത്. യതീഷ് ചന്ദ്ര എപ്പോഴും എങ്ങനെയാണ് പെരുമാറുന്നതെന്ന് തനിക്ക് അറിയില്ല.

കെപി ശശികലയ്ക്കും ശോഭാസുരേന്ദ്രനും എന്തും പറയാമെന്നായി, അവരുടെ പേരെടുത്തു പറയാന്‍ താനാഗ്രഹിക്കുന്നില്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാതെ നിര്‍വാഹമില്ലെന്നും മന്ത്രി പറഞ്ഞു. കെപി ശശികലയെ എസ്പി ശബരിമലയില്‍ തടഞ്ഞിട്ടില്ല, പേരക്കുട്ടിയുടെ ചോറൂണ് കഴിഞ്ഞാല്‍ ശബരിമലയില്‍ നിന്ന് മടങ്ങാമെന്ന് എഴുതി വാങ്ങുകയാണുണ്ടായതെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ ഭക്തര്‍ക്ക് കൂട്ടമായി തൊഴാനുള്ള സൗകര്യമുണ്ടെന്നും അത് നിരോധനാജ്ഞയില്‍പ്പെടുന്നില്ലെന്നും അവിടത്തെ ക്രമസമാധാനനില തകരാതെ നോക്കാനാണ് 144 നിലനിര്‍ത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.