ചരിത്രം കുറിച്ച് മേരി കോം; ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം

single-img
24 November 2018

ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പുതിയ ചരിത്രം രചിച്ച് ഇന്ത്യയുടെ ഇതിഹാസ താരം മേരി കോം. 48 കിലോഗ്രാം വിഭാഗത്തില്‍ ഇത് ആറാം തവണയാണ് മേരി കോം സ്വര്‍ണം നേടുന്നത്. ഇതോടെ ആറ് ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെന്ന ക്യൂബയുടെ ഇതിഹാസ താരം ഫെലിക്‌സ് സാവണിന്റെ റിക്കോര്‍ഡിന് ഒപ്പം മേരി കോം എത്തി.

ഫൈനലില്‍ ഉക്രെയിന്‍ താരം ഹന്ന ഒഖോട്ടയെ തറപറ്റിച്ചാണ് മേരി സ്വര്‍ണം നേടിയത്. ഏഴാം തവണയാണ് മേരി ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മത്സരിച്ചത്. 2002ലെ തന്റെ ആദ്യ ലോക ചാംപ്യന്‍ഷിപ് സ്വര്‍ണനേട്ടത്തിനു 16 വയസ് പൂര്‍ത്തിയാകുമ്പോഴാണ് മേരി കോമിന്റെ ആറാം സ്വര്‍ണനേട്ടം എന്ന പ്രത്യേകതയുമുണ്ട്.

2006ല്‍ ന്യൂഡല്‍ഹിയില്‍ സ്വര്‍ണം സ്വന്തമാക്കിയ ശേഷം സ്വന്തം കാണികള്‍ക്കു മുന്‍പില്‍ മേരി നേടുന്ന രണ്ടാം ലോക ചാംപ്യന്‍ഷിപ് സ്വര്‍ണം കൂടിയാണിത്. ഇരുപത്തിരണ്ടുകാരിയായ എതിരാളിക്കെതിരെ 13 വയസ്സിനു മൂത്ത മേരി, തികച്ചും ആധികാരിക വിജയമാണ് സ്വന്തമാക്കിയത്.

വ്യാഴാഴ്ച നടന്ന സെമി പോരാട്ടത്തില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോല്‍പ്പിച്ചാണ് മേരി കോം ഫൈനലില്‍ കടന്നത്. മേരി കോമിന്റെ സ്വര്‍ണ നേട്ടത്തോടെ ഈ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം മൂന്നായി. മേരി കോമിന്റെ സ്വര്‍ണത്തിനു പുറമെ സെമിഫൈനലുകളില്‍ പരാജയപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍ സിമ്രന്‍ജിത് കൗറും ലോവ്‌ലിന ബോര്‍ഗോഹെയ്‌നും വെങ്കലം നേടിയിരുന്നു.