ബിജെപിയിലും മീടു ആരോപണം; നടപടി എടുക്കാത്തതിനാല്‍ വനിതാ നേതാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു

single-img
24 November 2018

ജാര്‍ഖണ്ഡിലെ ഭാഗ്മര എം.എല്‍.എ ഡുല്ലു മഹ്‌തോയ്‌ക്കെതിരെ മീ ടൂ ആരോപണവുമായി ബി.ജെ.പി ജാര്‍ഖണ്ഡ് യൂണിറ്റിലെ വനിതാ വിഭാഗം നേതാവ്. സംഭവവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 31ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും പൊലീസും പാര്‍ട്ടിയും നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

എം.എല്‍.എ തന്നെ അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചു വരുത്തുകയും അവിടെ വെച്ച് തന്നോട് മോശമായി പെരുമാറിയെന്നും തന്റെ കവിളിലും അരയിലും തൊടുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. യുവതി തനിക്കെതിരെ നടന്ന അധിക്ഷേപം വിവരിക്കുന്നതിന്റെ വീഡിയോ ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.

‘ഇതെന്റെ ആദ്യ മുന്നറിയിപ്പാണ്. എനിക്കു നീതി നല്‍കൂ, ഇല്ലെങ്കില്‍ ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോകും. എന്റെ മൂന്നാമത്തെ മുന്നറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിലായിരിക്കും.’ എന്നാണ് വീഡിയോയില്‍ യുവതി പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ എം.എല്‍.എ നിഷേധിച്ചു. തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

‘ജാര്‍ഖണ്ഡിലെ ബി.ജെ.പിയില്‍ മീ ടൂ മൂവ്‌മെന്റ്. പാര്‍ട്ടിയുടെ വനിതാ വിങ് നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു. എം.എല്‍.എ ഡുല്ലു മഹ്‌തോയ്‌ക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണമാണ് അവര്‍ ഉയര്‍ത്തുന്നത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ളതിനാല്‍ ഭരണകുടം അവരെ നിശബ്ദയാക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ്.’ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ സെല്ലിന്റെ ചാര്‍ജുള്ള മയൂര്‍ ശേഖര്‍ ട്വീറ്റ് ചെയ്തു.