കെ സുരേന്ദ്രനെ പുറത്തുവിട്ടില്ലെങ്കില്‍ പൊലീസിനേയും പുറത്തിറക്കില്ലെന്ന് എംടി രമേശ്; യതീഷ് ചന്ദ്രയെ തൃശൂരില്‍ ചാര്‍ജെടുക്കാന്‍ അനുവദിക്കില്ലെന്ന് എ.എന്‍. രാധാകൃഷ്ണന്‍

single-img
24 November 2018

ശബരിമല വിഷയത്തില്‍ പൊലീസിനെ വെല്ലുവിളിച്ച് ബിജെപി. പുറത്തു നടക്കാന്‍ കെ സുരേന്ദ്രന് അവകാശമില്ലെങ്കില്‍ പൊലീസിനേയും പുറത്തിറക്കാതിരിക്കാന്‍ ബിജെപിയ്ക്ക് അറിയാമെന്ന് എംടി രമേശ്. ഇത്തരം സമരങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. നാളെ നിലയ്ക്കലില്‍ ബിജെപി നിരോധനാജ്ഞ ലംഘിക്കുമെന്നും രമേശ് തൃശൂരില്‍ പറഞ്ഞു.

അതേസമയം, കെ.സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ക്കെതിരേ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരുമെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ബി.ജെ.പി. നേതാക്കള്‍ക്കെതിരേ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തെറ്റായ കാര്യങ്ങളാണ് എഴുതിച്ചേര്‍ത്തിരിക്കുന്നതെന്നും സംസ്ഥാനത്തെ പോലീസും ഭരണകൂടവും വിഡ്ഢികളാണെന്നും അദ്ദേഹം ആരോപിച്ചു.

‘കേരളം നാണംകെട്ട നാടായി മാറുകയാണ്. പോലീസിന്റെ നടപടികള്‍ നിയമവ്യവസ്ഥയ്ക്ക് തന്നെ അപമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെല്ലാം വളംവെച്ച് കൊടുക്കുകയാണ്. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളം എങ്ങോട്ടാണ് പോകുന്നതെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിക്കാന്‍ ശ്രമിച്ച എസ്പി യതീഷ് ചന്ദ്രക്കെതിരേ സമരം ശക്തമാക്കുമെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍. യതീഷ് ചന്ദ്രയെ തൃശൂരില്‍ ചാര്‍ജ് എടുക്കാന്‍ അനുവദിക്കില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഇത്ര ക്രിമിനലായ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനില്ലെന്നും യതീഷ് മൂന്നാം കിട ക്രിമിനലാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

‘മന്ത്രിയുടെ കാറ് തടയാന്‍ പൊലീസിന് എന്തവകാശം ? യതീഷിനെ തൃശൂരില്‍ ചാര്‍ജ് എടുക്കാന്‍ അനുവദിക്കില്ല. കറുത്ത നിറമുള്ള പൊന്‍ രാധാകൃഷ്ണനെ കാണുമ്പോള്‍ യതീഷിന് വെറുപ്പാണ്. അകത്തു കിടക്കുന്ന സുരേന്ദ്രന്‍ പുറത്തു കിടക്കുന്ന സുരേന്ദ്രനേക്കാള്‍ ശക്തന്‍’ ആണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. യതീഷ് ആപ്പിള്‍ കഴിച്ച് തുടുത്തിരിക്കുന്നു. എന്തിനാണ് യതീഷിനെ തൃശൂരില്‍ വെച്ചു കൊണ്ടിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ കാലാവധി പരമാവധി ആറ് മാസമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.