നിലപാടില്‍ മാറ്റമില്ലാതെ ‘അമ്മ’; ഡബ്ല്യുസിസിയുടെ ഹര്‍ജി നിയമപരമായി നേരിടുമെന്ന് മോഹന്‍ലാല്‍

single-img
24 November 2018

സിനിമ മേഖലയില്‍ ഇന്റേര്‍ണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ നിയമപരമായി നേരിടുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. കൊച്ചിയില്‍ അമ്മയുടെ എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയ ദുരിതാശ്വാസ ഫണ്ട് കണ്ടെത്താന്‍ ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടത്തുന്ന താരനിശയെ കുറിച്ചാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി ഇന്ന് ചര്‍ച്ച ചെയ്തത്. മറ്റു വിഷയങ്ങളൊന്നും ചര്‍ച്ചയില്‍ വന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
പുറത്തുപോയവര്‍ തിരിച്ചുവന്നാല്‍ സംഘടനയില്‍ എടുക്കുമെന്നും മോഹന്‍ലാല്‍ അറിയിച്ചു.

അമ്മ ഷോയ്ക്കും ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി വേണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു. നടി റിമ കല്ലിങ്കല്‍ ഡബ്ല്യുസിസിക്കു വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച കോടതി ഇത് പരിഗണിക്കും.