മാണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു

single-img
24 November 2018

കര്‍ണാടകയിലെ മാണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലില്‍ വീണ് 25 പേര്‍ മരിച്ചു. മണ്ഡ്യയില്‍ നിന്നു പാണ്ഡവപുരയിലേക്കു പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 30 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ബംഗലുരുവില്‍ നിന്ന് 105 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് ഔദ്യോഗിക സൂചന. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. ബസ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണെന്ന് സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു.

നിയന്ത്രണം വിട്ടതിനെ തുടര്‍ന്നാണ് ബസ് കനാലിലേക്ക് മറിഞ്ഞത്. മറിഞ്ഞയുടനെ ബസ് മുങ്ങിയതും ബസിന്റെ വാതിലുകള്‍ തുറക്കാന്‍ കഴിയാതിരുന്നതുമാണ് മരണസംഖ്യ ഉയര്‍ത്തിയത്. അപകടം നടന്നയുടനെ തന്നെ സമീപത്തെ കൃഷിയിടങ്ങളിലുണ്ടായിരുന്നവര്‍ എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ കുറച്ചു യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞതായി പോലീസ് പറഞ്ഞു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി മറ്റു പരിപാടികളെല്ലാം റദ്ദാക്കി സംഭവ സ്ഥലത്തേക്കു തിരിച്ചു.