സിഗ്‌നേച്ചര്‍ പാലത്തില്‍ സാഹസിക പ്രകടനം; യുവാക്കള്‍ക്ക് ദാരുണാന്ത്യം

single-img
23 November 2018

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിഗ്‌നേച്ചര്‍ പാലത്തില്‍ സാഹസിക പ്രകടനത്തിടെ ഉണ്ടായ അപകടത്തില്‍ രണ്ട് ബൈക്ക് യാത്രക്കാര്‍ മരിച്ചു. രാവിലെ 8.50നാണ് അപകടം നടന്നതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ബൈക്ക് സ്റ്റണ്ടിനിടയില്‍ വാഹനം പാലത്തില്‍ ഇടിക്കുകയും യുവാക്കള്‍ റോഡിലേക്ക് വീഴുകയുമായിരുന്നു.

ഇരുവരും തല്‍ക്ഷണം മരിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മരിച്ച യുവാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പാലത്തിലുണ്ടായ ആദ്യ അപകടവും മരണവും കൂടിയായി ഇത്.

യമുന നദിക്ക് കുറകെ നിര്‍മിച്ച സിഗ്‌നേച്ചര്‍ പാലം നവംബര്‍ നാലിനാണ് വാഹനങ്ങള്‍ക്കായി തുറന്നു കൊടുത്ത്. ഡല്‍ഹിയുടെ വടക്ക്കിഴക്കന്‍ ഭാഗങ്ങളെയും വടക്കന്‍ ഭാഗങ്ങളെയും തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. സമയലാഭവും ഗതാഗത തിരക്കും കുറക്കാനാണ് ഈ പാലം കൊണ്ട് ലക്ഷ്യമിടുന്നത്.

പാലം തുറന്നത് മുതല്‍ അനധികൃത പാര്‍ക്കിങ്ങും വണ്‍വേ കുറ്റകൃത്യവും അടക്കം നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. 2214 അടി നീളമുള്ള അസിമെട്രിക്കല്‍ ബ്രിഡ്ജ് ഉരുക്ക് കേബിളുകള്‍ ഉപയോഗിച്ചാണ് ബലപ്പെടുത്തിയിട്ടുള്ളത്.