ശ്രീധരന്‍ പിള്ളയ്ക്കും ശബരിമല തന്ത്രിക്കുമെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

single-img
23 November 2018

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള, ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, ചലച്ചിത്ര താരം കൊല്ലം തുളസി, പന്തളം കൊട്ടാരത്തിലെ രാമരാജ വര്‍മ്മ, കെ.ജി. മുരളീധരന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ക്കെതിരേ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു.

അഭിഭാഷകരായ ഗീനാകുമാരി, വര്‍ഷ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കോടതിക്കെതിരെ സംസാരിക്കുകയും ജാഥ നടത്തുകയും ചെയ്തുവെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി അലക്ഷ്യ ഹര്‍ജികള്‍. സോളിസിറ്റര്‍ ജനറല്‍ കോടതിയലക്ഷ്യത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് നേരിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്.

അനുമതി നിഷേധിച്ച് സോളിസിറ്റര്‍ ജനറല്‍ നല്‍കിയ മറുപടി സഹിതമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചുവെന്ന് രജിസ്ട്രി അറിയിച്ചതായി അഭിഭാഷകര്‍ അറിയിച്ചു. ഹര്‍ജി ചീഫ് ജസ്റ്റിസാണ് ഇനി പരിഗണിക്കേണ്ടത്.

മുമ്പ് ഇവര്‍ സമര്‍പ്പിച്ച അപേക്ഷയ്ക്കു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് അനുമതി നിഷേധിച്ചത്. വിധിയെ എതിര്‍ത്തവരുടേത് ക്രിയാത്മക വിമര്‍ശനമാണെന്നും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതിയലക്ഷ്യഹര്‍ജികള്‍ അനുവദിക്കാനാവില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യഹര്‍ജി സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറലിന്റെയോ സോളിസിറ്റര്‍ ജനറലിന്റെയോ അനുമതി വേണമെന്നാണു ചട്ടം. ശബരിമലയില്‍ യുവതീപ്രവേശ വിധി നടപ്പാക്കുന്നതു തടസ്സപ്പെടുത്തിയവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനു ഹര്‍ജി നല്‍കാന്‍ ഡോ.ടി.ഗീനാ കുമാരി, എ.വി.വര്‍ഷ എന്നിവര്‍ ആദ്യം അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ അനുമതിയാണു തേടിയത്.

എന്നാല്‍ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നല്‍കിയ ഭൂരിപക്ഷ വിധിയെ എതിര്‍ക്കുകയും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്ന അറ്റോര്‍ണി ജനറല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെടുകയായിരുന്നു.

ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ വിധിയെ തെറ്റായി വ്യാഖ്യാനിച്ചു, വിധി നടപ്പാക്കാതിരിക്കാനായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി പ്രസംഗിച്ചു എന്നിവയെല്ലാമാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍. ഭരണഘടന കത്തിക്കണമെന്ന് പറഞ്ഞതിന് മുരളീധരന്‍ ഉണ്ണിത്താന്‍, സ്ത്രീകളെ കീറിയെറിയുമെന്ന് പറഞ്ഞതിന് കൊല്ലം തുളസി എന്നിവര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടി എടുക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം യുവതികള്‍ കയറിയാല്‍ നടയടയ്ക്കണമെന്ന് പറഞ്ഞതിനാണ് തന്ത്രിക്കും പന്തളം രാജകുടുംബാംഗത്തിനുമെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.