സച്ചിന്‍ അന്ന് എന്നോട് ശരിക്കും ചൂടായി: വി.വി.എസ് ലക്ഷ്മണ്‍

single-img
23 November 2018

തന്റെ വിജയകരമായ കരിയറില്‍ അവിസ്മരണീയമായ നിരവധി ഇന്നിംഗ്‌സുകള്‍ കാഴ്ചവെച്ച വി.വി.എസ് ലക്ഷ്മണ്‍ 2001 മാര്‍ച്ചില്‍ ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് മല്‍സരത്തില്‍ ഒരുക്കിയ ബാറ്റിംഗ് വിരുന്ന് ക്രിക്കറ്റ് ലോകം മറന്നിട്ടില്ല. 281 റണ്‍സാണ് അന്ന് ഒരിന്നിംഗ്‌സില്‍ ലക്ഷ്മണ്‍ അടിച്ചുകൂട്ടിയത്.

എന്നാല്‍ തന്റെ കരിയറിനെ മാറ്റിമറിച്ച നിമിഷമായി ലക്ഷ്മണ്‍ ഓര്‍ക്കുന്നത് 2000ത്തില്‍ സിഡ്‌നിയില്‍ ആസ്‌ത്രേലിയക്കെതിരെ നേടിയ ആദ്യ സെഞ്ച്വറിയാണ്. ‘തീര്‍ച്ചയായും ഈഡന്‍ ഗാര്‍ഡനിലെ ഇന്നിംഗ്‌സ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ സിഡ്‌നിയില്‍ വെച്ച് നേടിയ സെഞ്ചറിയാണ് എനിക്ക് ക്രിക്കറ്റ് ജീവിതത്തില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കിയത്.’ 281 and Beyond എന്ന തന്റെ ആത്മകഥയുടെ പ്രകാശനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷ്മണിന്റെ ആത്മകഥ മുംബൈയില്‍ സച്ചിനാണ് പ്രകാശനം ചെയ്തത്. സന്ദീപ് പാട്ടീല്‍, ദിലീപ് വെങ്‌സര്‍ക്കാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ തന്റെ ക്രിക്കറ്റ് കരിയറിലെ മറക്കാനാവാത്ത നിമിഷങ്ങളും ലക്ഷ്മണ്‍ ഓര്‍ത്തെടുത്തു. ഡോക്ടറാവാനായി മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ എടുത്തശേഷമാണ് താന്‍ ക്രിക്കറ്റിലെത്തിയതെന്ന് ലക്ഷ്മണ്‍ പറഞ്ഞു.

1998ല്‍ ഷാര്‍ജയില്‍ സച്ചിന്‍ ഓസ്‌ട്രേലിയക്കെതിരെ കളിച്ച മഹത്തായ ഇന്നിംഗ്‌സിന് നേരിട്ട് സാക്ഷിയാവാനായത് മറക്കാനാവാത്ത അനുഭവമായിരുന്നു. ഷെയ്ന്‍ വോണ്‍ അടക്കമുള്ള ഓസീസ് ബൗളര്‍മാരെ സച്ചിന്‍ അടിച്ചുപറത്തുമ്പോള്‍ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ ഞാനുണ്ടായിരുന്നു.

ഒന്നുരണ്ടുതവണ സിംഗിളെടുക്കാന്‍ വിസമ്മതിച്ച എന്നോട് സച്ചിന്‍ ശരിക്കും ചൂടായി. സച്ചിന്റെ ദിവസമായിരുന്നു അത്. അതുകൊണ്ടുതന്നെ സിംഗിളെടുക്കാന്‍ വിസമ്മതിച്ച എന്നോട് അദ്ദേഹം പലപ്പോഴും പൊട്ടിത്തെറിക്കുന്ന രീതിയില്‍ സംസാരിച്ചു.
131 പന്തില്‍ 143 റണ്‍സടിച്ച സച്ചിന്‍ അന്ന് ഇന്ത്യയെ ഫൈനലിലേക്കും പിന്നീട് കിരീടത്തിലേക്കും നയിച്ചു.

അന്ന് ഷെയ്ന്‍ വോണിനെതിരെ സച്ചിന്‍ നേടിയ സ്‌ട്രെയിറ്റ് ഡ്രൈവ് സിക്‌സറുകളാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും ലക്ഷ്മണ്‍ പറഞ്ഞു. ഇന്ത്യയില്‍വെച്ച് ഒരിക്കല്‍ സച്ചിനെ റണ്ണൗട്ടാക്കിയപ്പോഴും അദ്ദേഹം തന്നോട് അസംതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും ലക്ഷണ്‍ തമാശയായി പറഞ്ഞു.

ലക്ഷണിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് തൊട്ടടുത്ത് നിന്ന് കാണാനുള്ള ഭാഗ്യമുണ്ടായി എന്ന് സച്ചിന്‍ പറഞ്ഞു. സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 178 റണ്‍സായിരുന്നു അത്. ആ കളിയില്‍ സച്ചിന്‍ പുറത്താവാതെ 241 റണ്‍സടിച്ചു. ഇരുവരും ചേര്‍ന്ന് 353 റണ്‍സിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി.

അന്ന് ഓരോ പന്തിലും ലക്ഷ്മണ്‍ ഏത് ഷോട്ടാണെന്ന് കളിക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് ലക്ഷ്മണ് മാത്രമെ അറിയുമായിരുന്നുള്ളു. 80, 90 മൈല്‍ വേഗത്തില്‍ വരുന്ന പന്തുകളെ അതിനേക്കാള്‍ വേഗത്തില്‍ ലക്ഷ്മണ്‍ ബൗണ്ടറി കടത്തുകയായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു.

കൊല്‍ക്കത്തയില്‍ ഓസ്‌ട്രേലിയക്കെതിരെ കളിച്ച 281 റണ്‍സിന്റെ മഹത്തായ ഇന്നിംഗ്‌സിനെക്കുറിച്ചും ലക്ഷ്മണ്‍ വാചാലനായി. അന്ന് ആ മത്സരം എനിക്ക് നഷ്ടമാകുമായിരുന്നു. പരിക്ക് കാരണം കളിക്കാനാകില്ലെന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഫിസിയോ ആയിരുന്ന ആന്‍ഡ്ര്യു ലീപ്പസ് ആണ് അന്ന് എന്നെ കളിക്കാന്‍ സജ്ജനാക്കിയത്.

ആദ്യ ടെസ്റ്റില്‍ തിളങ്ങാനാവാത്തതിനാല്‍ ഈ കളി എനിക്ക് നിര്‍ണായകമായിരുന്നു. എന്റെ സ്വാഭാവിക കളി പുറത്തെടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. ആ ഇന്നിംഗ്‌സ് കളിക്കാന്‍ എന്നെ പ്രചോദിപ്പിച്ച രാഹുലിനും അവകാശപ്പെട്ടതാണ് ആ ഇന്നിംഗ്‌സിന്റെ ക്രെഡിറ്റ്. കാരണം രാഹുലുമായുള്ള കൂട്ടുകെട്ടായിരുന്നു മത്സരത്തില്‍ പ്രധാനമെന്നും ലക്ഷ്മണ്‍ പറഞ്ഞു.