കെ.സുരേന്ദ്രനെ വീണ്ടും റിമാന്‍ഡ് ചെയ്തു; 5 കേസുകളുണ്ടെന്ന് പൊലീസ്

single-img
23 November 2018

ശബരിമലയില്‍ ചിത്തിര ആട്ട വിശേഷത്തിനിടെ ഉണ്ടായ അക്രമങ്ങളുടെ പേരില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസിലെ 12ആം പ്രതിയായ സുരേന്ദ്രനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം നാളെ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്.

കൊട്ടാരക്കരയില്‍ നിന്നും പൂജപ്പൂര സെന്‍ട്രല്‍ ജയിലിലേക്ക് തന്നെ മാറ്റണം, തനിക്ക് ജാമ്യം അനുവദിക്കണം, കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അനുവദിക്കണം തുടങ്ങിയ സുരേന്ദ്രന്റെ ആവശ്യങ്ങളും റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും.

അതേസമയം, കൊടുംക്രിമിനലുകള്‍ താമസിക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തന്നെ കൊണ്ടുപോകാനുള്ള സി.പി.എമിന്റെ ശ്രമമാണ് കേസിന് പിന്നിലെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. തനിക്ക് നേരെ ആരോപിച്ചിരിക്കുന്ന കള്ളക്കേസുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ നടത്തുന്ന ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. റാന്നി ഗ്രാമന്യായാല കോടതിയില്‍ നിന്നും പുറത്തുവന്നപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂര്‍ സ്വദേശിയായ 52 കാരിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റമാണ് കെ. സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നേരത്തേ അറസ്റ്റിലായ ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റും സംഭവ ദിവസം സന്നിധാനത്തെ സംഘര്‍ഷങ്ങളിലെ സാന്നിധ്യവും കണക്കിലെടുത്താണ് സുരേന്ദ്രനെ കേസില്‍ പ്രതി ചേര്‍ത്തത്.

സുരേന്ദ്രനു പുറമേ ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കരി, വി.വി.രാജേഷ്, കഴിഞ്ഞ ദിവസം അറസ്റ്റിലായ ആര്‍.രാജേഷ്, യുവമോര്‍ച്ച അധ്യക്ഷന്‍ പ്രകാശ് ബാബു എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. അതിനിടെ, ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ 4 ദിവസത്തേക്കു കൂടി നീട്ടിയെങ്കിലും ഒറ്റയ്‌ക്കോ കൂട്ടായോ ശരണം വിളിക്കുന്നതില്‍ കേസെടുക്കില്ലെന്ന് അറിയിച്ച പൊലീസ് വ്യാഴാഴ്ച രാത്രി സന്നിധാനത്ത് ശരണംവിളിച്ച 100 പേര്‍ക്കെതിരെ കേസെടുത്തു.

രാത്രി പത്തരയ്ക്കാണ് ഇവര്‍ സന്നിധാനത്ത് ശരണം വിളിച്ചത്. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് സന്നിധാനം പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, തിങ്കളാഴ്ച അര്‍ധരാത്രി വരെ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ വീണ്ടും 144 പ്രഖ്യാപിച്ചു പത്തനംതിട്ട കലക്ടറുടെ ഉത്തരവ് ഇന്നലെ ഇറങ്ങിയിരുന്നു. എന്നാല്‍ നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്നാണു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.