പീഡന പരാതിയില്‍ പി.കെ.ശശി എംഎല്‍എക്കെതിരെ നടപടിയെടുക്കാതെ സിപിഎം; ജാഥ കഴിയട്ടെ എന്ന് ന്യായീകരണം

single-img
23 November 2018

ഷൊര്‍ണൂര്‍ എം.എല്‍.എ. പി.കെ.ശശിക്കെതിരായ പരാതിയില്‍ നടപടി തീരുമാനം സി.പി.എം വീണ്ടും നീട്ടി. പി.കെ.ശശി നയിക്കുന്ന നിയോജകമണ്ഡലം കാല്‍നടപ്രചരണ ജാഥ പുരോഗമിക്കുന്നതിനാല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തിങ്കളാഴ്ച ചര്‍ച്ച ചെയ്യാനാണ് തീരുമാനം.

ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി.കെ ശശിക്കെതിരായ നടപടി തീരുമാനിക്കുമെന്നായിരിന്നു കരുതിയിരുന്നത്. എന്നാല്‍ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ശശി നയിക്കുന്ന ജാഥക്കിടെ നടപടിയെടുക്കുന്നത് ഉചിതമാകില്ല എന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ടായി.

യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കമ്മീഷന്‍ നിഗമനം കൂടി കണക്കിലെടുത്താല്‍ നടപടി ഒഴിവാക്കാനുമാകില്ല. ഈ സാഹചര്യത്തിലാണ് പി.കെ ശശിയുടെ കാല്‍നട പ്രചരണ ജാഥ തീരുന്നതിന്റെ പിറ്റേ ദിവസം സംസ്ഥാന കമ്മിറ്റി വീണ്ടും ചേരാന്‍ സി.പി.എം തീരുമാനിച്ചത്.

27ന് നിയമസഭ കൂടി ആരംഭിക്കുന്ന സാഹചര്യത്തില്‍ അതിന് മുന്നോടിയായി ശശിക്കെതിരെ നടപടിയെടുക്കാമെന്ന ധാരണ നേതൃത്വത്തിലുണ്ടായത് കൊണ്ട് കൂടിയാണ് 26ന് സംസ്ഥാന കമ്മിറ്റി വിളിച്ചിരിക്കുന്നത്. സഭയില്‍ പ്രതിപക്ഷം ശശി വിഷയം ആയുധമാക്കുമോ എന്ന ആശങ്കയും തീരുമാനത്തിന് പിന്നിലുണ്ട്.

ഓഗസ്റ്റ് പതിനാലിനാണ് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പി.കെ.ശശിക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. മൂന്നര മാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാതായതോടെ പരാതിക്കാരി കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിച്ച എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവരടങ്ങുന്ന കമ്മീഷന്‍ പാര്‍ട്ടി നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് സംസ്ഥാന സമിതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ലൈംഗികപീഡന ശ്രമമെന്ന ആരോപണം, സഹപ്രവര്‍ത്തകയോട് അപമര്യാദയോടെയുള്ള പെരുമാറ്റമെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ലഘൂകരിച്ചിട്ടുണ്ടെന്നാണ് സൂചന. പി.കെ.ശ്രീമതിയും എ.കെ.ബാലനും തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പി.കെ.ശശിയെ ഏരിയാ കമ്മിറ്റിയിലേക്കായിരിക്കും തരംതാഴ്ത്തുക. തനിക്കെതിരെ ഗൂഡാലോചനയുണ്ടായെന്ന പി.കെ.ശശിയുടെ ആരോപണത്തിലും നടപടി ഉണ്ടായേക്കാം.