ഒന്നര മാസത്തിനിടെ ക്രൂഡ് ഓയില്‍ വില കുറഞ്ഞത് 20 ഡോളറിലേറെ; എന്നിട്ടും ഇന്ധന വില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍; പകല്‍ക്കൊള്ളയ്ക്ക് കൂട്ടുനിന്ന് മോദി സര്‍ക്കാരും

single-img
23 November 2018

രാജ്യാന്തര എണ്ണ വില 10 മാസത്തെ കുറഞ്ഞ നിരക്കില്‍. ബാരലിന് 62.53 ഡോളര്‍ വരെ താഴ്ന്ന ബ്രെന്റ് ക്രൂഡ് വില, പിന്നീട് യുഎസ് എണ്ണ ലഭ്യതയില്‍ കുറവുണ്ടായതോടെ വര്‍ധിച്ച് 63.61 ഡോളറിലെത്തി. സാമ്പത്തിക മാന്ദ്യമാണ് വിലയിടിവിന് കാരണം.

ഒക്ടോബര്‍ ആദ്യം ബാരലിന് 86 ഡോളര്‍ കടന്ന എണ്ണ വില പിന്നീട് കുത്തനെ താഴുകയായിരുന്നു. ഒന്നര മാസത്തിനിടെ കുറഞ്ഞത് 20 ഡോളറിലേറെ. എണ്ണ ലഭ്യതയിലുണ്ടായ വര്‍ധനയാണു കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഒപെക് രാജ്യങ്ങള്‍ വീണ്ടും ഉല്‍പാദന നിയന്ത്രണത്തെ കുറിച്ച് ആലോചിക്കുകയാണ്.

എന്നാല്‍ ഉല്‍പാദന നിയന്ത്രണത്തെ എതിര്‍ക്കുന്ന യുഎസിന്റെ സമ്മര്‍ദം മറികടന്നുള്ള തീരുമാനമുണ്ടാകുമോ എന്ന് ഡിസംബര്‍ ആദ്യം ചേരുന്ന ഒപെക് യോഗത്തിലേ വ്യക്തമാകൂ. അതേസമയം അന്താരാഷ്ട്ര വില തുടര്‍ച്ചയായി കുറഞ്ഞിട്ടും വില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് തുടരുകയാണ്.

നിത്യേന ചെറിയ തോതില്‍ മാത്രമാണ് ഇവര്‍ വിലകുറക്കുന്നത്. എണ്ണ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുത്തനെ കുറയ്ക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്.