മന്ത്രിക്കസേരയില്‍ നിന്നും മാത്യു ടി.തോമസ് പുറത്തേക്ക് ?

single-img
23 November 2018

ചിറ്റൂര്‍ എം.എല്‍.എ കെ.കൃഷ്ണന്‍ കുട്ടിയെ മന്ത്രിയാക്കാന്‍ ജെ.ഡി.എസില്‍ ധാരണയായതായി സൂചന. മാത്യു ടി തോമസിന് പകരക്കാരനായാവും കൃഷ്ണന്‍ കുട്ടി മന്ത്രിസഭയിലെത്തുക. ജനതാദള്‍ അധ്യക്ഷന്‍ ദേവഗൗഡയുമായി ജനതാദള്‍ എസ് സംസ്ഥാന നേതാക്കള്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഇക്കാര്യത്തില്‍ അന്തിമ ധാരണയായത്.

ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയും ചര്‍ച്ചയില്‍ പങ്കെടുത്തു. മാത്യു ടി. തോമസിനെയും ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും അദ്ദേഹം ബെംഗളൂരുവിലെത്തിയിട്ടില്ല. രണ്ടരവര്‍ഷം കഴിഞ്ഞ് മന്ത്രിയെ മാറ്റാന്‍ ധാരണയുണ്ടായിരുന്നതായി ദേവെഗൗഡ പറഞ്ഞതായി സി. കെ നാണു അറിയിച്ചു.

മന്ത്രിയെ മാറ്റണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായമെന്ന് കൃഷ്ണന്‍ കുട്ടി വിഭാഗം ദേശീയ നേതൃത്വത്തെ ധരിപ്പിച്ചു. കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന ഭാരവാഹി യോഗത്തിന്റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് ലഭിച്ചിരുന്നു.

മാത്യു ടി തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ട് ജെഡിഎസ് ഇടതുമുന്നണിക്ക് കത്ത് നല്‍കിയേക്കും എന്നാണ് സൂചന. ഇക്കാര്യം ഉന്നയിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് കത്തയക്കും. അടുത്ത നിയമസഭ സമ്മേളനത്തിന് മുമ്പ് കെ.കൃഷ്ണന്‍ കുട്ടിയെ മന്ത്രിയാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.