കെ.എം. ഷാജിയുടെ അയോഗ്യത: സ്റ്റേ നീട്ടില്ലെന്ന് ഹൈക്കോടതി

single-img
23 November 2018

കൊച്ചി: കെ.എം. ഷാജിയെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഷാജിയുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണു നടപടി. അയോഗ്യനാക്കിയ നടപടിക്കു പിന്നാലെ ഹൈക്കോടതി അനുവദിച്ച സ്റ്റേയുടെ കാലാവധി ഇന്നു പൂര്‍ത്തിയാകുന്നതിനാലാണു സ്റ്റേ നീട്ടിക്കിട്ടാന്‍ ഷാജി വീണ്ടും സമീപിച്ചത്. സുപ്രീംകോടതി കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചെങ്കിലും സ്റ്റേ അനുവദിച്ചിരുന്നില്ല. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുന്ന അടുത്ത ചൊവ്വാഴ്ചയാണ് സുപ്രീംകോടതി ഇനി ഹര്‍ജി പരിഗണിക്കുന്നത്.

ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എതിരാളിയായിരുന്ന എം.വി നികേഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി കെ.എം ഷാജിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഒപ്പം അദ്ദേഹത്തെ ആറു വര്‍ഷം അയോഗ്യനാക്കുകയും ചെയ്തിരുന്നു.

അതിനിടെ നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ രേഖാമൂലമുള്ള ഉത്തരവില്ലാതെ അദ്ദേഹത്തെ നിയമസഭാ സമ്മളനത്തില്‍ പങ്കെടുപ്പിക്കാനാകില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവ് മാത്രമാണ് തന്റെ മുന്നിലുള്ളത്. അതുകൊണ്ട് അതുമാത്രമേ നടപ്പാക്കാനാകൂ. ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.