‘സത്യം പറയട്ടെ, എനിക്കൊന്നും ഓർമ്മയില്ല’; ബിജെപിയെയും മുരളീധരനെയും ട്രോളി ഐസക്ക്

single-img
23 November 2018

ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിൽ ബിജെപി ഉയർത്തുന്ന പ്രതിഷേധങ്ങളിലെ ഇരട്ടത്താപ്പും വി.മുരളീധരനെ പരിഹസിച്ചും തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മുരളീധരന്റെ പഴയ പ്രസംഗത്തിന്റെ വിഡിയോ കൂടി പങ്കുവച്ചാണ് വിമർശനം.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പഴയൊരു പ്രസംഗത്തിന്റെ വിഡിയോ ക്ലിപ്പു വൈറലാകുന്നതുവഴി, ബിജെപി നേതാവ് വി മുരളീധരനെ ഓർമ്മ നഷ്ടപ്പെട്ട ഒരു പത്മരാജൻ കഥാപാത്രമെന്നു നാം തെറ്റിദ്ധരിക്കുകയാണ്. പൗരത്വം, രാജ്യദ്രോഹം എന്നിവയെ സംബന്ധിച്ച സംഘപരിവാറിന്റെ നിർവചനവും നിലപാടുകളും ഭരണഘടനയെയും സുപ്രിംകോടതിയെയും സൌകര്യപൂർവം പരാമർശിച്ചുകൊണ്ട് മുന്നോട്ടു വെയ്ക്കുകയായിരുന്നു മുരളീധരൻ ചെയ്തത്.

ആ രണ്ടു വാക്കുകൾ ചെത്തിക്കളഞ്ഞാൽ, നാഗപ്പൂർ ശാസനകൾ അനുസരിക്കാത്തവർ ഇന്ത്യൻ പൌരത്വം ഉപേക്ഷിക്കണമെന്ന വാദമാണ് പ്രസംഗത്തിൽ ശേഷിക്കുന്നത്. മുരളീധരൻ പൊതിഞ്ഞു പറഞ്ഞത്, അമിത്ഷാ പിന്നീട് തെളിച്ചു പറയുകയായിരുന്നു. നടപ്പാക്കാൻ കഴിയുന്ന വിധി പറഞ്ഞാൽ മതിയെന്ന് സുപ്രിംകോടതിയ്ക്കു നേരെ മുഴങ്ങിയ ആക്രോശത്തിൻ്റെ അർത്ഥം, സംഘപരിവാറുകാർക്ക് അംഗീകരിക്കാൻ കഴിയുന്ന വിധി പറഞ്ഞാൽ മതിയെന്നു മാത്രമാണ്.

വൈറലാകുന്ന വീഡിയോ ക്ലിപ്പിൽ മുസ്ലിംലീഗുകാർക്കാണ് വി. മുരളീധരൻ്റെ സ്റ്റഡി ക്ലാസ്. എന്നാൽ ആ നിബന്ധനകളൊന്നും തങ്ങൾക്കു ബാധകമല്ലെന്നാണ് അവരിപ്പോൾ തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ, പത്മരാജൻ്റെ ഇന്നലെ എന്ന സിനിമയിലെ മായ എന്ന കഥാപാത്രത്തിന്റെ അവസ്ഥയിലാണ് മുരളീധരനെന്ന് നാം തെറ്റിദ്ധരിക്കും. അപകടത്തിൽ തലയ്ക്കേറ്റ ആഘാതമാണ് ഭർത്താവിനെപ്പോലും മറന്നുപോകുന്ന അവസ്ഥയിലേയ്ക്ക് മായയെ എത്തിച്ചത്. ശബരിമലയെ സംബന്ധിച്ച കോടതിവിധി മുരളീധരനെപ്പോലുള്ളവരുടെ ശിരസിലേൽപ്പിച്ചതും സമാനമായ ആഘാതമായിരുന്നല്ലോ.

തലയ്ക്കേറ്റ ആഘാതം മായയെ മറവിയിലാഴ്ത്തിയെങ്കിൽ, മുരളീധരനെപ്പോലുള്ളവരുടെ ഹിംസാത്മക നിലപാടുകൾ കൂടുതൽ വെളിച്ചത്തു വന്നു. സുപ്രിംകോടതിയെയും ഭരണഘടനയെയും കുറിച്ചു പറഞ്ഞതൊക്കെ വിഴുങ്ങുകയും ഈ സ്ഥാപനങ്ങളെ വെല്ലുവിളിക്കാനും ധിക്കരിക്കാനും വരം കിട്ടിയവരാണ് തങ്ങൾ എന്ന സംഘപരിവാറുകാരുടെ ഉള്ളിലിരിപ്പ് കൂടുതൽ വ്യക്തമായി.

സാധാരണക്കാരെ സംബന്ധിച്ച് , മുസ്ലീംലീഗിനു ബാധകമാകുന്ന ഭരണഘടനയും സുപ്രിംകോടതിയുമൊക്കെ ബിജെപിയ്ക്കും ബാധകമാകണം. ബിജെപിയ്ക്കു മാത്രമല്ല, രാജ്യത്തെ എല്ലാ രാഷ്ട്രീയപാർടികൾക്കും പൌരന്മാർക്കും ബാധകമാകണം. ഭരണഘടനയെ വെല്ലുവിളിക്കുന്നത് ലീഗായാലും അമിത്ഷാ ആയാലും സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതം മാരകമാണ്.

ആ നിലപാടല്ല, സംഘപരിവാറിൻ്റേത്. കോടതിയെ വെല്ലുവിളിയ്ക്കുന്നത് ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കലാണെന്നും അതു രാജ്യദ്രോഹമാണെന്നും നേരത്തെ നടത്തിയ പ്രസംഗം പുറത്താകുന്നത് മുരളീധരനെപ്പോലുള്ളവർക്ക് പ്രത്യേകിച്ചു ജാള്യമൊന്നും ഉണ്ടാക്കുകയില്ല. കോടതിയ്ക്കും ഭരണഘടനയ്ക്കും തങ്ങൾ അതീതരാണെന്ന് സ്വയം വിശ്വസിച്ചുകൊണ്ടാണല്ലോ അവരിതൊക്കെ പ്രസംഗിക്കുന്നത്. അക്കൂട്ടർക്കെന്തു ജാള്യം?

ശബരിമല വിധിയ്ക്കെതിരെ സംഘപരിവാർ നടത്തുന്ന പ്രക്ഷോഭം സുപ്രിംകോടതിയ്ക്കും ഭരണഘടനയ്ക്കും മുകളിൽ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെ പ്രതിഷ്ഠിക്കാനുള്ള കർസേവയാണ്. എന്തുവിലകൊടുത്തും അതു ചെറുക്കുമെന്നാണ് സിപിഐഎമ്മും ഇടതുപക്ഷവും ആവർത്തിച്ചു വ്യക്തമാക്കുന്നത്. മുസ്ലിംലീഗിനും അതിന്റെ നേതാക്കൾക്കും കാര്യങ്ങളുടെ കിടപ്പു മനസിലായിട്ടുണ്ടോ എന്നത് വേറെ കാര്യം.

ഈ വീഡിയോയെയും അതിലെ പ്രസംഗത്തെയും കുറിച്ച് ഇപ്പോൾ ചോദിച്ചാൽ വി മുരളീധരൻ എന്തായിരിക്കും പ്രതികരിക്കുക. എന്തു പറയാൻ… കിലുക്കത്തിലെ കിട്ടുണ്ണിയെപ്പോലെ “സത്യം പറയട്ടെ, എനിക്കൊന്നും ഓർമ്മയില്ല” എന്നു പറയുമായിരിക്കും. പക്ഷേ, അത്രയ്ക്കു നിഷ്കളങ്കമല്ല കാര്യങ്ങൾ.