ടീമിലെ ഭക്ഷണപ്രിയന്‍ പത്താൻ, റെയ്ന എപ്പോഴും ഫോണിൽ, സഹീർ ഖാന് ഒരുങ്ങാൻ കൂടുതൽ സമയം: ക്രിക്കറ്റ് താരങ്ങളുടെ പിന്നണിക്കഥകൾ വെളിപ്പെടുത്തി ഹര്‍ഭജന്‍ സിങ്ങ്

single-img
23 November 2018

ക്രിക്കറ്റ് താരങ്ങളെ കുറിച്ചു അധികമാരും അറിയാത്ത പിന്നണിക്കഥകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഹർഭജൻ സിങ്ങ്. പോള്‍ ഖോല്‍ എന്ന ചാറ്റ് ഷോയിലാണ് താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹര്‍ഭജന്റെ
ചൂടൻ മറുപടി. ഭാര്യമാരെ പേടിയുള്ള ഇന്ത്യൻ താരങ്ങള്‍, ഫലിതപ്രിയനായ കളിക്കാരൻ, കൂട്ടത്തിലെ ഭക്ഷണപ്രിയൻ, ഏറ്റവും വലിയ ഈശ്വരവിശ്വാസി, വിശാലമനസ്കൻ, സ്ത്രീലമ്പടനായ കളിക്കാരൻ അങ്ങനെ പല ചോദ്യങ്ങൾക്കും ഭാജിയുടെ വേഗത്തിലുള്ള ഉത്തരമെത്തി.

ഭാര്യമാരെ പേടിയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്നായിരുന്നു എന്ന ചോദ്യത്തിന് ഒരുവിധം എല്ലാവരും എന്നാണ് താരം മറുപടി നൽകിയത്. ഡ്രസ്സിംഗ് റൂമില്‍ എപ്പോഴും ഫലിതം പറയുന്ന കളിക്കാരന്‍ ആരെന്ന് ചോദിച്ചപ്പോള്‍ വിരാട് കോഹ്‍ലി എന്നായിരുന്നു മറുപടി. ടീമിലെ ഭക്ഷണപ്രിയന്‍ ഇര്‍ഫാന്‍ പത്താനാണെന്നും സുരേഷ് റെയ്ന എപ്പോഴും ഫോണിലാണെന്നും ഏറ്റവും കൂടുതല്‍ സമയം ഒരുങ്ങാൻ എടുക്കുന്നത് സഹീര്‍ ഖാനാണെന്നും ഹർഭജൻ ചിരിയോടെ വെളിപ്പെടുത്തി.

സ്ത്രീലമ്പടനായ കളിക്കാരൻ ആരെന്ന ചോദ്യത്തിന് ഭാജി അത് നിങ്ങള്‍ തന്നെ കണ്ടുപിടിക്കു, ഞാന്‍ പറയില്ലെന്ന് പറഞ്ഞു. സാഹസികനായ താരം മുരളി വിജയ് ആണെന്നും ഭാര്യയെ ഏറ്റവുമധികം മിസ് ചെയ്യുന്ന കളിക്കാരന്‍ ശീഖര്‍ ധവാനാണെന്നും അഭിമുഖത്തിൽ പറയുന്നു. ഏറ്റവും വലിയ ഈശ്വരവിശ്വാസി ശ്രീശാന്ത് ആണെന്നും പാർട്ടികളും ആഘോഷങ്ങളും ഏറെ ഇഷ്ടപ്പെടുന്ന താരം ഹർദ്ദീക് പാണ്ഡ്യയാണെന്നും താരം പറഞ്ഞു.

ഇന്ത്യന്‍ താരങ്ങള്‍ ഒരിക്കലും തോല്‍ക്കാന്‍ ആഗ്രഹിക്കാത്തത് ഏത് ടീമിനോടാണെന്ന ചോദ്യത്തിന് ബംഗ്ലാദേശ് എന്നായിരുന്നു ഉത്തരം. ടീം മീറ്റിംഗില്‍ എപ്പോഴും വൈകി എത്തുന്ന കളിക്കാരന്‍ ആശിഷ് നെഹ്റയാണെന്നും ഭാജി പറഞ്ഞു. ടീമിലെ ഏറ്റവും വിശാല മനസ്കന്‍ ആരെന്ന ചോദ്യത്തിന് ഹര്‍ഭജന്‍ സിങ്ങ് എന്നു തന്നെയായിരുന്നു ഉത്തരം.