ബാലഭാസ്‌കര്‍ തിടുക്കപ്പെട്ട് തിരുവനന്തപുരത്ത് വന്നതെന്തിന്; അപകടത്തില്‍ ദുരൂഹതയുണ്ട്; മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ്

single-img
23 November 2018

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവിന്റെ പരാതി. മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്‌കറിന്റെ പിതാവ് ആവശ്യപ്പെടുന്നു.

പാലക്കാടുള്ള പൂന്തോട്ടം എന്ന ആയുര്‍വേദ ആശുപത്രിയുമായി ബാലഭാസ്‌കറിന് ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ട്. ഇതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതാണ്. എന്തിനാണ് തിടുക്കപ്പെട്ട് ബാലഭാസ്‌കര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.

അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു.

എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്‌കര്‍ ആണ് കാര്‍ ഓടിച്ചതെന്നായിരുന്നു ഡ്രൈവര്‍ വിശദമാക്കിയത്. ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപ് ജംക്ഷനു സമീപം സെപ്തംബര്‍ 25ന് പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തു തന്നെ മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യ ലക്ഷ്മിയ്ക്കും ഡ്രൈവര്‍ക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്നു.