സൊഹ്റാബുദീൻ കേസില്‍ അമിത് ഷാക്ക് കുരുക്ക്

single-img
23 November 2018

a

സൊഹ്റാബുദീൻ ഷെയ്ഖ്, തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കൊലപാതകക്കേസിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും 3 ഐപിഎസ് ഉദ്യോഗസ്ഥരുമായിരുന്നു മുഖ്യസൂത്രധാരന്മാരെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സന്ദീപ് താംഗഡെ സിബിഐ കോടതിയിൽ മൊഴി നൽകി. എന്നാൽ തന്റെ ആരോപണം സ്ഥാപിക്കാനുളളരേഖാമൂലമായ തെളിവുകൾ സമർപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ നിര്‍ദേശാനുസരണം ഐ.പി.എസ് ഓഫീസര്‍മാരായ ഡി.ജി വന്‍സാര, ദിനേഷ് എം.എന്‍, രാജ്കുമാര്‍ പാണ്ഡ്യന്‍ എന്നിവര്‍ ചേര്‍ന്ന് പദ്ധതി നടപ്പിലാക്കുകയായിരുന്നു. രാഷ്ട്രീയ-ക്രിമിനല്‍ കൂട്ടുകെട്ടിന്റെ ഭാഗമായിരുന്നു അമിത് ഷായും പ്രജാപതിയും സൊഹ്റാബുദ്ദീന്‍ ഷെയ്ഖും. ഗുജറാത്ത് മന്ത്രിയായിരുന്ന ഹരേണ്‍ പാണ്ഡ്യയെ ഇല്ലാതാക്കിയത് പ്രജാപതിയുടെ സംഘത്തെ ഉപയോഗിച്ചായിരുന്നു.

അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ സംഘത്തിലുണ്ടായിരുന്ന സൊഹ്റാബുദ്ദീനെയും ഭാര്യയെയും പിന്നീട് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. രണ്ട് സംഭവങ്ങള്‍ക്കും സാക്ഷിയായ ‌പ്രജാപതി പിന്നീട് അറസ്റ്റിലായി. സത്യം പുറത്തുവരാതിരിക്കാന്‍ പ്രജാപതിയെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു.

പ്രജാപതിയെ ജയിലില്‍ നിന്ന് കോടതിയിലേക്കും മറ്റും കൊണ്ടുപോകാനുള്ള സംഘത്തെ പ്രത്യേകമായി തെരഞ്ഞെടുക്കുകയും അവരെ ഉപയോഗിച്ച് ഏറ്റുമുട്ടല്‍ നടപ്പാക്കുകയും ചെയ്തുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി. അമിത് ഷായും ഐ.പി.എസ് ഓഫീസര്‍മാരും തമ്മിലെ ഗൂഢാലോചന വ്യക്തമാക്കുന്ന ടെലിഫോണ്‍ സംഭാഷണങ്ങളും കുറ്റപത്രത്തിലുണ്ടെന്ന് താംപഗഡെ കോടതിയെ അറിയിച്ചു. രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് ഘട്ടാരിയയും കൊലയുടെ ആസൂത്രണത്തില്‍ സഹായിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ട്. സിബിഐയുടെ മുൻ എസ്പി ആയ താംഗഡെയെയാണ് സൊഹ്റാബുദീൻ കേസിലെ അധികകുറ്റപത്രവും പ്രജാപതി കേസിലെ കുറ്റപത്രവും തയാറാക്കിയിരുന്നത്.