‘സുപ്രീം കോടതിയെ അനുസരിക്കാത്തവര്‍ രാജ്യം വിടണം’; ബിജെപിയെ കുരുക്കിലാക്കി വി. മുരളീധരന്റെ പഴയ വീഡിയോ

single-img
22 November 2018

ഇന്ത്യയില്‍ ജീവിക്കുന്നവര്‍ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും അല്ലാത്തപക്ഷം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്നുമുള്ള ബിജെപി എംപി വി. മുരളീധരന്റെ പഴയ പ്രസ്താവന പാര്‍ട്ടിക്ക് തലവേദനയാകുന്നു.

മൂന്നു വര്‍ഷം മുമ്പ് 2015 ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്താണ് വി മുരളീധരന്‍ ഈ പരാമര്‍ശം നടത്തിയത്. അന്ന് ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ പ്രവേശന പരീക്ഷ ഹിജാബ് ധരിച്ച് എഴുതാനുള്ള അനുമതി തേടി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ അതിനെ അനുകൂലിച്ചാണ് വി മുരളീധരന്‍ രംഗത്ത് വന്നത്.

ഹിജാബ് ഒരു ദിവസം ധരിച്ചില്ലെന്നു വെച്ച് മതവിശ്വാസം ഇല്ലാതാകില്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്ത അന്ന് അഭിപ്രായപ്പെട്ടത്. ഈ പരാമര്‍ശത്തെ എതിര്‍ത്ത് മുസ്ലിം ലീഗും കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന മതവിശ്വാസത്തിനെതിരാണ് സുപ്രീം കോടതിയുടെ പരാമര്‍ശമെന്ന് യുഡിഎഫ് നേതാക്കളായ വി.എം സുധീരനും ഇ.ടി. മുഹമ്മദ് ബഷീറും നിലപാട് സ്വീകരിച്ചു. തൊട്ടുപിന്നാലെയാണ് ഈ നിലപാടിനെ വിമര്‍ശിച്ച് വി. മുരളീധരന്‍ രംഗത്ത് വന്നത്.

മുരളീധരന്റെ വാക്കുകള്‍:

”കേരളത്തില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ പറഞ്ഞിരിക്കുകയാണ്, സുപ്രീം കോടതി പറഞ്ഞാലും ഞങ്ങള്‍ക്കത് ബാധകമല്ല എന്ന്. എന്നുപറഞ്ഞാല്‍ ഈ നാട്ടില്‍ എല്ലാവര്‍ക്കും ബാധകമായ നിയമങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കില്ല, ഞങ്ങളുടെ മതം അനുസരിച്ചുള്ള നിയമങ്ങള്‍ മാത്രമെ ഞങ്ങള്‍ അനുസരിക്കൂ എന്ന്. ഇത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.

”എന്താണ് ഇതിന്റെ ഉദ്ദേശ്യമെന്ന് മനസ്സിലാക്കണം. അതിന് പകരം ഒരു രാഷ്ട്രീയപാര്‍ട്ടി പൊതുനിയമത്തിനെതിരെ, സുപ്രീം കോടതി നിര്‍ദേശത്തിനെതിരെ പരസ്യമായി രംഗത്തുവരുമ്പോള്‍ അത് കോടതിയെ വെല്ലുവിളിക്കലാണ്. ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കലാണ്. അത് രാജ്യദ്രോഹക്കുറ്റമാണ്.

”ഇന്ത്യന്‍ ഭരണഘടന എനിക്ക് ബാധകമല്ല എന്ന് പറയുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. അല്ലെങ്കില്‍ അവര്‍ പറയട്ടെ, ഇന്ത്യന്‍ പൗരത്വം വേണ്ടെന്ന്.”, മുരളീധരന്‍ പറയുന്നു.

വീഡിയോ കടപ്പാട്: മനോരമ