കാമുകന്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു; യുഎഇയില്‍ കാമുകി കാമുകനെ വെട്ടിനുറുക്കി ബിരിയാണിവെച്ചു

single-img
22 November 2018

കാമുകന്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ തയാറായതില്‍ പ്രകോപിതയായ യുവതി കാമുകനെ കൊന്ന് ബിരിയാണിവെച്ചു. യുഎഇയില്‍ താമസിയ്ക്കുന്ന മൊറോക്കന്‍ സ്വദേശിനിയാണ് ഏഴുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കാമുകനെ ക്രൂരമായി കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി ബ്ലെന്ററില്‍ ഇട്ട് ചതച്ചെടുത്ത ശേഷം ബിരിയാണിവെച്ച് വീട്ടുകാര്‍ക്ക് വിളമ്പി. മജ്ബൂസ് എന്ന പരമ്പരാഗത അറേബ്യന്‍ വിഭവമാണ് യുവതി തയ്യാറാക്കിയത്. മാംസവും ചോറും ഉപയോഗിച്ചുള്ള ഈ വിഭവം ബിരിയാണിക്ക് സമാനമാണ്. വീട്ടിലെ ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ഭക്ഷണം കഴിച്ചു.

യുവാവിന്റെ അജ്മാനിലുള്ള സഹോദരന്‍ അന്വേഷിച്ചു വന്നതോടെയാണു സംഭവം പുറംലോകം അറിയുന്നത്. മൂന്നു മാസം മുന്‍പ് കാമുകന്‍ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടതോടെ ഇരുവരും താമസിച്ചിരുന്ന ക്വാര്‍ട്ടഴ്‌സില്‍ നിന്നു ഇയാളെ പുറത്താക്കിയെന്നും കാമുകി പറഞ്ഞു.

എന്നാല്‍, സംശയം തോന്നിയതിനെത്തുടര്‍ന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ വീട്ടിലെ ബ്ലെന്‍ഡറില്‍ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണു ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിഎന്‍എ ടെസ്റ്റിലൂടെ കാമുകന്റേതെന്നു തന്നെ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

കൃത്യം നടത്തി മാസങ്ങള്‍ക്ക് ശേഷമാണ് യുവതിയെ പിടികൂടിയതെന്ന് അല്‍ ഐയ്ന്‍ പ്രോസിക്യൂഷന്‍ അധികൃതര്‍ സൂചിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പൊലീസ് വിസമ്മതിച്ചു. തെളിവുകള്‍ നിരത്തി പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ യുവതി തലകറങ്ങി വീണു. തുടര്‍ന്ന് കൊല നടത്തിയ കാര്യം സമ്മതിക്കുകയും കാമുകനോട് പ്രതികാരം ചെയ്യുകയായിരുന്നുവെന്നും സമ്മതിച്ചു.

യുവതിയുടെ മാനോനില പരിശോധിക്കുന്നതിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഏഴു വര്‍ഷമായി യുവാവിനെ സാമ്പത്തികമായും യുവതി സഹായിച്ചിരുന്നു. തന്നെ ചതിക്കുകയാണെന്ന് മനസിലാക്കിയപ്പോള്‍ അയാളോട് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. യുവാവിനെ കൊലപ്പെടുത്തിയ ശേഷം അപാര്‍ട്ട്‌മെന്റിലെ രക്തവും മറ്റു അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ സുഹൃത്തിനെ വിളിച്ചിരുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന്റെ പരിഗണനയിലാണ്.