ശബരിമലയില്‍ പോകാന്‍ വ്രതമെടുത്ത യുവതിയുടെ വീടിന് നേരെ ആക്രമണം

single-img
22 November 2018

പൊലീസ് സംരക്ഷണം ഉറപ്പാക്കിയാൽ ശബരിമല ദർശനത്തിന് തയാറാണെന്നറിയിച്ച യുവതികള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത യുവതിയുടെ വീടിന് നേരെ ആക്രമണം. അപര്‍ണ ശിവകാമിയുടെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയവര്‍ വീടിന് നേരെ കല്ലെറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്.

വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകളാണ് അക്രമികള്‍ തകര്‍ത്തത്. അപര്‍ണയ്‌ക്കെതിരെ നേരത്തെയും ഭീഷണി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണോ ആക്രമണമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

നേരത്തെ പ്രതിഷേധത്തെത്തുടർന്ന് ശബരിമല ദർശനത്തിൽ നിന്ന് പിൻമാറിയ കോഴിക്കോട് സ്വദേശിനി രേഷ്മാ നിശാന്തിനൊപ്പമാണ് കണ്ണൂർ സ്വദേശിനി ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വി എസും കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയത്. പൊലീസ് സംരക്ഷണം ഉറപ്പാക്കിയാൽ ശബരിമല ദർശനത്തിന് തയാറാണെന്ന് യുവതികള്‍ വിശദമാക്കിയിരുന്നു.